play-sharp-fill
ജില്ലാ പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പ്: ഇടത് അനുകൂല വിഭാഗത്തിന് ഉജ്വല വിജയം; തിരഞ്ഞെടുപ്പ് കോടതി കയറിയതിനാൽ വിധി പ്രഖ്യാപിക്കുന്നത് വൈകും

ജില്ലാ പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പ്: ഇടത് അനുകൂല വിഭാഗത്തിന് ഉജ്വല വിജയം; തിരഞ്ഞെടുപ്പ് കോടതി കയറിയതിനാൽ വിധി പ്രഖ്യാപിക്കുന്നത് വൈകും

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലാ പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ ഇടത് അനുകൂല പാനലിന് ഉജ്വല വിജയം. യുഡിഎഫ് അനുകൂല വിഭാഗം കോടതിയെ സമീപിച്ചെങ്കിലും വിജയത്തിൽ നിന്നും ഇടത് അനൂകുലികളെ തടഞ്ഞ് നിർത്താൻ സാധിച്ചില്ല. നിലവിലുള്ള പ്രസിഡന്റ് പ്രേംജി കെ.നായരുടെ പത്രിക ഹൈക്കോടതി തള്ളിയെങ്കിലും, ഡിവിഷൻ ബെഞ്ച് വിധിയിലൂടെ മത്സരത്തിലേയ്ക്ക് തിരികെ വരികയായിരുന്നു ഇടത് വിഭാഗം.
അയർക്കുന്നം പൊലീസ് സ്റ്റേഷനിലെ അജിത് ടി.ചിറയിൽ, കോട്ടയം വെസ്റ്റിലെ കെ.ടി അനസ്, ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സിലെ പൊലീസ് ഉദ്യോഗസ്ഥരായ ബിജു കെ.ഭാസ്‌കർ, എ.അനൂപ്, ജില്ലാ ക്രൈംബ്രാഞ്ചിലെ എം.കെ പ്രസന്നൻ,  പ്രേംജി കെ.നായർ, കറുകച്ചാൽ പൊലീസ് സ്‌റ്റേഷനിലെ പി.ആർ ര്ഞ്ജിത്കുമാർ,  വനിതാ സെല്ലിലെ ലക്ഷ്മി എൻ ദാസ്, തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ പി.എസ് സുമിത, കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ റോഷിനാ അലവി,  കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ പ്രവീം കുമാർ എ.കെ എന്നിവരാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്.
1900 പേരാണ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ 400 മുതൽ 700 വരെ വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷത്തിലാണ് പല സ്ഥാനാർത്ഥികളും വിജയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പു സംബന്ധിച്ചു യുഡിഎഫ് അനുകൂല വിഭാഗം നൽകിയ കേസിലെ അന്തിമ വിധി ആഗസ്റ്റ് ആറിന മാത്രമേ ഉണ്ടാകൂ. ഇതിനു ശേഷം മാത്രമേ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകൂ.
നിക്ഷേപക സംവരണ മണ്ഡലത്തിൽ മത്സരിച്ച പ്രേംജി. കെ. നായരെ അയോഗ്യനാക്കണം എന്ന് ആവശ്യപ്പെട്ടാണ് ആ മണ്ഡലത്തിൽ എതിർ സ്ഥാനാർത്ഥിയായിരുന്ന കേരള പോലീസ് അസോസിയേഷന്റെ മുൻ ജില്ലാ സെക്രട്ടറി കൂടിയായ മാത്യു പോളിന്റെ നേതൃത്വത്തിൽ ഹൈക്കോടതിയെ സമീപിച്ചത്. ഇതേ തുടർന്ന് ആദ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് പ്രേംജി കെ.നായരുടെ തിരഞ്ഞെടുപ്പ് നാമനിർദേശ പത്രിക തള്ളിയിരുന്നു. ഇതിനു പിന്നാലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച ഇടത് അനുകൂലികൾ അനുകൂല ഉത്തരവ് സ്വന്തമാക്കുകയായിരുന്നു.