
ഷിംല: ആശുപത്രിയിൽവെച്ച് രോഗിയെ മർദിച്ച ഡോക്ടറെ പുറത്താക്കി. ഡിസംബർ 22 ന് ഷിംലയിലെ ഇന്ദിര ഗാന്ധി മെഡിക്കൽ കോളേജിൽ ആണ് സംഭവം.
ഡോ. രാഘവ് നിരൂലയെ പുറത്താക്കിയത്. പതിവ് പരിശോധനയ്ക്കിടെ ഡോക്ടർ മെഡിക്കൽ രേഖകളെകുറിച്ച് അനാവശ്യ ചോദ്യങ്ങൾ ഉന്നയിച്ചതായി പരാതിക്കാരനായ മുപ്പത്താറുകാരൻ അർജുൻ സിങ് ആരോപിച്ചു.
തന്റെ ആരോഗ്യസ്ഥിതിയും ഓക്‌സിജന്റെ കുറവും കാരണം ശരിയായി പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും ഇതാണ് ഡോക്ടറെ പ്രകോപിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി കിടക്കയിൽ രോഗിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ വൻതോതിൽ പ്രചരിക്കപ്പെട്ടിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖത്തും ശരീരത്തും പലതവണ ഇടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തതിന്റെ ഫലമായി മൂക്കിൽനിന്നും വായിൽനിന്നും രക്തസ്രാവം ഉണ്ടാവുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കേൽക്കുകയും ചെയ്തതായി അർജുൻ സിങ് പറഞ്ഞു.
ശ്വാസകോശത്തിലെ അണുബാധയ്ക്ക് ചികിത്സയിലായിരുന്നു സിങ്. ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ടും ഓക്‌സിജന്റെ അളവ് കുറഞ്ഞതും കാരണം നിരീക്ഷിക്കുന്നതിനായി രണ്ട് മണിക്കൂർ കിടക്കയിൽ കിടത്തിയിരുന്നു.ഡോ. നിരൂല തന്നെ ചവിട്ടുകയും ഇടിക്കുകയും ചെയ്തപ്പോൾ, മറ്റൊരു ഡോക്ടർ തന്റെ കാലുകൾ പിടിച്ചതിനാൽ തനിക്ക് സ്വയം പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്ന് അർജുൻ സിങ് പറഞ്ഞു.
ആക്രമണത്തിനിടെ തന്റെ ഓക്‌സിജൻ പൈപ്പ് പൊട്ടിപ്പോയെന്നും അത് തന്റെ ജീവന് അപകടമുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. സിങ്ങിന്റെ സഹോദരനാണ് വീഡിയോ പകർത്തിയത്.



