മരട് ഫ്ളാറ്റ് പൊളിക്കല്‍: സുപ്രീംകോടതി വിധി ആരോടോ ഉള്ള പകപോക്കലെന്ന് സംശയിക്കേണ്ടി വരുമെന്ന് സെബാസ്റ്റിയന്‍ പോള്‍; വിധി നീതിനിഷേധമെന്ന് പ്രഖ്യാപിച്ച് മരട് നഗരസഭ ഓഫീസിന് മുന്നില്‍ ഫ്ളാറ്റുടമകളുടെ ധര്‍ണ
സ്വന്തം ലേഖകൻ
കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി വിധി ആരോടോ ഉള്ള പകപോക്കലാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഡോ. സെബാസ്റ്റിയന്‍ പോള്‍ ആരോപിച്ചു. ബാധിക്കപ്പെടുന്നവരുടെ ഭാഗം കേള്‍ക്കാതെയുള്ള വിധി സുപ്രീംകോടതിയുടേതായാല്‍ പോലും തെറ്റാണെന്ന് പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള കോടതിവിധി മൗലികാവകാശങ്ങളുടെ ലംഘനവും സ്വാഭാവിക നീതിയുടെ നിഷേധവുമാണെന്ന് ചൂണ്ടിക്കാട്ടി മരട് ഭവനസംരക്ഷണ സമിതി മരട് നഗരസഭ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. സെബാസ്റ്റിയന്‍ പോള്‍.
കോടതി വിധി സംസ്ഥാനത്ത് ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഉണ്ടാക്കാന്‍ പോകുന്നത്. പാരിസ്ഥിതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഫ്ളാറ്റുകള്‍ പൊളിക്കാന്‍ കോടതി ഉത്തരവിട്ടതെങ്കില്‍ അവ പൊളിക്കുമ്പോള്‍ ഉണ്ടാകാന്‍ പോകുന്ന പാരിസ്ഥിതിക പ്രശ്നത്തെക്കുറിച്ചും ആലോചിക്കേണ്ടതായിരുന്നു. പ്രശ്നത്തില്‍ ഫ്ളാറ്റുടമകള്‍ക്ക് നീതി ലഭ്യമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നും സെബാസ്റ്റ്യന്‍ പോള്‍ ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരട് ഭവന സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളിയുടെ അധ്യക്ഷതയില്‍ നടന്ന ധര്‍ണയെ മുന്‍ മന്ത്രി കെ. ബാബു, ബിജെപി തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് മധുസൂധനന്‍ തുടങ്ങിയവര്‍ അഭിസംബോധന ചെയ്തു. ഫ്ളാറ്റുടമകളായ സിനിമ സംവിധായകന്‍ മേജര്‍ രവി, നടന്‍ സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും ധര്‍ണയില്‍ പങ്കെടുത്തു.