play-sharp-fill
കഞ്ഞിക്കുഴി കൊലപാതകം: പ്രതി ജയപ്രകാശിന് ജീവപര്യന്തം; അര ലക്ഷം രൂപ പിഴ

കഞ്ഞിക്കുഴി കൊലപാതകം: പ്രതി ജയപ്രകാശിന് ജീവപര്യന്തം; അര ലക്ഷം രൂപ പിഴ

സ്വന്തം ലേഖകൻ

കോട്ടയം: കഞ്ഞിക്കുഴിയിൽ വെൽഡിംഗ് തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം കഠിന തടവ്. എറണാകുളം തേവര മമ്മാഞ്ഞിമുക്ക് തെക്കെ കണിശേരി വീട്ടിൽ സ്റ്റാൻലിബിവേര (64) യെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ എറണാകുളം സ്വദേശിയായ ജയപ്രകാശിനെയാണ് കൊലപാതകത്തിന് അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി നാല് ജഡ്ജി വി.ബി സുജയമ്മ ജീവപര്യന്തം തടവിനും 50,000 രൂപ പിഴ അടയ്ക്കാനും വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം തടവ് അനുഭവിക്കണം. മോഷണത്തിനായി മാരകമായി പരിക്ക് ഏൽപ്പിച്ചതിന് അഞ്ചു വർഷം തടവും അയ്യായിരം രൂപയും പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവും അനുഭവിക്കണം.
കൊലപാതകത്തിന് ഐപിസി 302 -ാം വകുപ്പ് പ്രകാരവും, മോഷണം നടത്തണമെന്ന ഉദ്ദേശത്തോടെ ശാരീരികമായി ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് ഐപിസി 394 വകുപ്പ് പ്രകാരവുമാണ് പ്രതിയെ ശിക്ഷിച്ചിരിക്കുന്നത്. കേസിൽ 28 സാക്ഷികളെ കോടതിയിൽ പ്രോസിക്യൂഷൻ വിസ്തരിച്ചു. ഇവരിൽ സാക്ഷികളെല്ലാം പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയിട്ടുണ്ട്. 46 പ്രമാണങ്ങളും, 19 തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കി.
കഞ്ഞിക്കുഴി ഹോബ് നോബ് ഹോട്ടലിലെ മാനേജർ ടി.എസ് ജേക്കബ്, സ്‌കൈലൈനിന്റെ കോൺടാക്ടർ ഐ.എം ജോസഫ്,  പ്രതിയെ സംഭവ സ്ഥലത്തു നിന്നും രാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച ഓട്ടോ ഡ്രൈവർ രാജൻ, ഹോട്ടലിലെ അസി.മാനേജർ പി.വി മാത്യു എന്നിവർ കേസിൽ നിർണ്ണായക സാക്ഷികളായി. കൊലപാതകം നടത്തിയ കത്തി പ്രതി വാങ്ങിയ പിങ്കി സ്റ്റോറിന്റെ ഉടമ ജിജി കുര്യൻ പ്രതിയെയും കത്തിയും തിരിച്ചറിഞ്ഞത് കേസിലെ ഏറെ നിർണ്ണായകമായ തെളിവായി മാറി.
പൊലീസിലെ സൈന്റിഫിക് അസിസ്റ്റന്റ് ജിഷയും, പൊലീസ് ഫോട്ടോഗ്രാഫർ ജോർജുകുട്ടിയും, വിരലടയാള വിദഗ്ധ ജോൺസി ജോസഫും കേസിൽ നിർണ്ണായക മൊഴികൾ കോടതിയിൽ നൽകി.
സ്റ്റാലിന്റെ ദേഹത്തും നിന്നും പ്രതി മോഷ്ടിച്ചെടുത്ത നാലരപ്പവൻ തൂക്കമുള്ള സ്വർണമാല വാറങ്കലിലെ മുത്തൂറ്റ് ഫിൻകോർപ്പിലാണ് പണയം വച്ചത്. 5,0000 രൂപയ്ക്ക് പ്രതി മാല പണയം വച്ചത് ഇവിടുത്തെ മാനേജർ സത്യനാരായണ തിരിച്ചറിഞ്ഞിട്ടുണ്ട്. മാലയെയും പ്രതിയെയും ഇയാൾ കോടതിയിൽ എത്തി തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട സ്റ്റാലിന്റെ മൊബൈൽ കണ്ടെടുത്തത് കേസിലെ സാക്ഷിയായ കെ.ലക്ഷ്മണറാവൂ കണ്ടതായി കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. ആന്ധ്രാ സ്വദേശികളും മാതൃഭാഷ തെലുങ്കുമായ രണ്ടു സാക്ഷികൾക്കും വേണ്ടി അഡ്വ.വിനീതയാണ് മലയാളത്തിലേയ്ക്ക് ചോദ്യങ്ങളും ഉത്തരങ്ങളും തർജമ ചെയ്ത് നൽകിയത്. അന്നത്തെ ഈസ്റ്റ് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ എ.ജെ തോമസും, എസ്.ഐ യു.ശ്രീജിത്തുമാണ് അന്വേഷണ ഉദ്യോഗസ്ഥർ. സി.ഐ നിർമ്മൽ ബോസാണ് കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഗിരിജ ബിജു കോടതിയിൽ ഹാജരായി.