play-sharp-fill
കഞ്ഞിക്കുഴിയിൽ ലോഡ്ജിൽ വെൽഡിംങ്ങ് തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി കുറ്റക്കാരനെന്ന് കോടതി: ശിക്ഷ ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിധിക്കും

കഞ്ഞിക്കുഴിയിൽ ലോഡ്ജിൽ വെൽഡിംങ്ങ് തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി കുറ്റക്കാരനെന്ന് കോടതി: ശിക്ഷ ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിധിക്കും

ക്രൈം ഡെസ്ക്

കോട്ടയം: കഞ്ഞിക്കുഴിയിലെ ഹോബ്നോബ് ലോഡ്ജിൽ വെൽഡിംഗ് തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. എറണാകുളം തേവര മമ്മാഞ്ഞിമുക്ക് തെക്കെ കണിശേരി വീട്ടിൽ സ്റ്റാൻലിബിവേര (64) യെയാണ് എറണാകുളം സ്വദേശിയായ ജയപ്രകാശ് കുത്തി കൊലപ്പെടുത്തിയത്. കേസിൽ ജയപ്രകാശിനെതിരെ ഐപി.സി 302 , ഐ പി.സി 394 വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. പ്രതിയ്ക്കുള്ള ശിക്ഷ ഉച്ചയ്ക്ക് രണ്ടരയ്ക്ക് കോടതി വിധിക്കും.  അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി നാല് ജഡ്ജി വി.ബി സുജയമ്മയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2015 ഒക്ടോബർ 15 നായിരുന്നു കേസിനാസ്പദമായ സംഭവം.


കഞ്ഞിക്കുഴിയിൽ നിർമ്മാണത്തിലിരുന്ന സ്കൈ ലൈൻ ഫ്ളാറ്റിൽ വെൽഡിംഗ് ജോലികൾക്കായി എത്തിയതായിരുന്നു പ്രതി ജയപ്രകാശും കൊല്ലപ്പെട്ട സ്റ്റാൻലിയും. ലോഡ്ജിന്റെ മൂന്നാം നിലയിൽ പ്രതി ജയപ്രകാശ് വാടകയ്ക്ക് എടുത്ത മുറിയിലാണ് ഇരുവരും താമസിച്ചിരുന്നത്. സംഭവ ദിവസം പ്രതി ജയപ്രകാശ് സ്റ്റാൻലിയുടെ പണവും, സ്വർണാഭരണങ്ങളും , വസ്തുവും മോഷ്ടിക്കണമെന്ന ലക്ഷ്യത്തോടെ മുറിയിൽ എത്തുകയായിരുന്നു. തുടർന്ന് ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം ജയപ്രകാശ് സ്റ്റാൻലിയെ കുത്തി വീഴ്ത്തി. കഴുത്തിലും മുഖത്തും കുത്തേറ്റ സ്റ്റാൻലി ഗുരുതരാവസ്ഥയിലായി. മരണം ഉറപ്പിക്കുന്നതിനായി സ്റ്റാൻലിയുടെ മുഖത്ത് തലയിണ അമർത്തിപ്പിടിച്ചു. തുടർന്ന്, സ്റ്റാൻലി ധരിച്ചിരുന്ന സ്വർണമാലയും , സ്വർണമോതിരവും , മൊബൈൽ ഫോണും അടക്കം ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ പ്രതി കവർന്നു. മോഷണത്തിന് ശേഷം കൊല്ലപ്പെട്ടത് താനാണെന്ന് വരുത്തുന്നതിന് വേണ്ടി തന്റെ തിരിച്ചറിയൽ രേഖകൾ ഇവിടെ ഉപേക്ഷിച്ച പ്രതി , ആന്ധ്രയിലെ വാറങ്കലിലേയ്ക്ക് രക്ഷപെട്ടു. കേസ് നടക്കുമ്പോൾ കോട്ടയം ഈസ്റ്റ് സി ഐ ആയിരുന്ന എ.ജെ തോമസിന്റെ നേതൃത്വത്തിൽ എ.എസ്.ഐ ഐ.സജികുമാർ , സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.എൻ മനോജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. മോഷണവും , കൊലപാതകവും അടക്കമുള്ള കുറ്റങ്ങൾ സംശയാസ്പദമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചതായി കോടതി കണ്ടെത്തിയാണ് പ്രതിയെ കുറ്റക്കാരനാണ് എന്ന് വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഗിരിജ ബിജു ഹാജരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group