play-sharp-fill
32 വർഷത്തെ സർവീസുള്ള ഞാനാണ് സംസ്ഥാന പൊലീസ് മേധാവി ആകേണ്ടത് ; ട്രിബ്യൂണൽ വിധി നടപ്പാക്കാൻ സർക്കാർ തയ്യാറാകണം

32 വർഷത്തെ സർവീസുള്ള ഞാനാണ് സംസ്ഥാന പൊലീസ് മേധാവി ആകേണ്ടത് ; ട്രിബ്യൂണൽ വിധി നടപ്പാക്കാൻ സർക്കാർ തയ്യാറാകണം

സ്വന്തം ലേഖകൻ

കൊച്ചി: സീനിയോറിറ്റി അനുസരിച്ച് 32 വർഷം സർവീസുള്ള താനാണ് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് വരേണ്ടതെന്ന് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. ട്രിബ്യൂണൽ ഉത്തരവ് പ്രകാരം സർക്കാർ നീതി നടപ്പാക്കണമെന്നും, ഇനിയും നീതി നിഷേധം തുടർന്നാൽ കേന്ദ്ര സർക്കാരിന്റെ നിലപാടാകും നിർണായകമാകുകയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സർവീസിൽ തിരിച്ചെടുക്കാനുള്ള ഉത്തരവിൽ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്കും പൊതുഭരണ വകുപ്പിനും കത്ത് നൽകി.


ജേക്കബ് തോമസിന്റെ സസ്പെൻഷൻ ജൂൺ 18ന് ആറു മാസത്തേക്ക് നീട്ടിയ സർക്കാർ ഉത്തരവ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (സി.എ.ടി) കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. റാങ്കനുസരിച്ച് ഉചിതമായ പദവിയിൽ ജേക്കബ് തോമസിനെ ഉടൻ തിരിച്ചെടുക്കണം. പൊലീസിലോ അനുബന്ധ ശാഖകളിലോ നിയമനം നൽകാനാവില്ലെങ്കിൽ തുല്യറാങ്കിൽ മറ്റു പദവിയിൽ നിയമിക്കാമെന്നും സി.എ.ടി അഡ്മിനിസ്ട്രേറ്റീവ് അംഗം ഇ.കെ. ഭരത്ഭൂഷൺ, ജുഡിഷ്യൽ അംഗം ആശിഷ് കാലിയ എന്നിവരുൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സസ്പെൻഷൻ ഉത്തരവ് ചോദ്യം ചെയ്ത് ജേക്കബ് തോമസ് നൽകിയ ഹർജിയാണ് പരിഗണിച്ചത്. ഓഖി ദുരന്തത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശിച്ചതിന്റെ പേരിൽ 2017 ഡിസംബർ 19ന് ജേക്കബ് തോമസിനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ഇതിനെതിരെ ജേക്കബ് തോമസ് നൽകിയ ഹർജി സി.എ.ടി പരിഗണിച്ചിരുന്നു. പിന്നീടാണ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങിയതിൽ അഴിമതി ആരോപിച്ചുള്ള സസ്പെൻഷൻ. ഇതിന്റെ കാലാവധി ആറുമാസം പൂർത്തിയായപ്പോൾ സസ്പെൻഷൻ വീണ്ടും നീട്ടി ചീഫ് സെക്രട്ടറി ഉത്തരവിറക്കി.

തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങിയതിൽ അഴിമതി നടന്നെന്ന ധനകാര്യ വിഭാഗത്തിന്റെ കണ്ടെത്തലിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ നീട്ടിയത്. എന്നാൽ മൂവാറ്റുപുഴ വിജിലൻസ് കോടതി ഈ കേസ് പരിഗണിച്ച് കഴമ്പില്ലെന്ന് കണ്ടതാണെന്നും എന്നിട്ടും സസ്പെൻഷൻ നീട്ടിയത് ജുഡിഷ്യൽ തീരുമാനത്തെ വെല്ലുവിളിച്ചാണെന്നും ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് സി.എ.ടിയിൽ ഹർജി നൽകുകയായിരുന്നു.

അഴിമതിക്കെതിരെയുള്ള ശബ്ദം കേരളത്തിൽ നിലച്ചിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ട്രബ്യൂണൽ ഉത്തരവെന്ന് അദ്ദേഹം പ്രതികരിച്ചു. അഴിമതിക്കെതിരേയുള്ള ഏറ്റവും ഫലപ്രദമായ മാർഗംഅകത്തുള്ളവർ തന്നെ പുറത്ത് പറയുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.