
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ കാർ ബോംബ് സ്ഫോടനത്തിൽ സൈനിക ജനറൽ കൊല്ലപ്പെട്ടു.
റഷ്യൻ സായുധസേനയുടെ ഓപ്പറേഷനൽ ട്രെയ്നിങ് ഡയറക്ടറേറ്റിന്റെ മേധാവി ലഫ്. ജനറൽ ഫാനൽ സർവറോവാണു കൊല്ലപ്പെട്ടത്. മോസ്കോയിലെ യസീനേവ സ്ട്രീറ്റിൽ പാർക്കിങ് ഏരിയയിൽ രാവിലെ ഏഴിനാണു കാർ പൊട്ടിത്തെറിച്ചത്.
ഡ്രൈവറും കൊല്ലപ്പെട്ടു.
കാറിനടിയിൽ ഘടിപ്പിച്ച ബോംബാണു പൊട്ടിയതെന്ന് അന്വേഷണ സംഘത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ഫാനൽ സർവറോവിന്റെ മരണം സ്ഥിരീകരിച്ച റഷ്യ, യുക്രെയ്ൻ ചാരസംഘടനയാണു കൊലയ്ക്കു പിന്നിലെന്ന് സംശയം പ്രകടിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിറിയൻ പ്രസിഡന്റായിരുന്ന ബഷാർ അൽ അസദിനെ പിന്തുണച്ച് സിറിയയിൽ നടന്ന റഷ്യൻ സൈനിക നീക്കങ്ങളിൽ ഫാനൽ സർവറോവ് പങ്കാളിയായിരുന്നുവെന്ന് റഷ്യൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ‘കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ നിരവധി സാധ്യതകൾ പരിശോധിക്കുന്നുണ്ട്.
അതിലൊന്ന്, ഈ കുറ്റകൃത്യം യുക്രെയ്ൻ രഹസ്യാന്വേഷണ ഏജൻസികൾ ആസൂത്രണം ചെയ്തതാകാം എന്നതാണ്’ – റഷ്യയുടെ രഹസ്യാന്വേഷണ കമ്മിറ്റി വക്താവ് സ്വെറ്റ്ലാന പെട്രെൻകോ പറഞ്ഞു. റഷ്യയുടെ പരമോന്നത ക്രിമിനൽ അന്വേഷണ ഏജൻസിയാണ് ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി.
കഴിഞ്ഞ ഒരു വർഷത്തിനിടെ നടക്കുന്ന സമാനമായ മൂന്നാമത്തെ സംഭവമാണിത്. കഴിഞ്ഞവർഷം ഡിസംബറിൽ റഷ്യൻ സേനയുടെ ആണവ, രാസായുധ വിഭാഗം മേധാവി ലഫ്. ജനറൽ ഇഗോർ കിറിലോവ് സമാനമായ രീതിയിലാണു കൊല്ലപ്പെട്ടത്. കിറിലോവിന്റെ വസതിക്കു മുന്നിൽ ഇലക്ട്രിക് സ്കൂട്ടറിൽ വച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. യുക്രെയ്ൻ സെക്യൂരിറ്റി സർവീസ് ഇതിന്റെ ഉത്തരവാദിത്തമേറ്റിരുന്നു.



