കുവൈത്തിൽ വൻ ലഹരിവേട്ട; 770 ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ

Spread the love

കുവൈത്ത് സിറ്റി : കുവൈത്തിലെ ജഹ്റയില്‍ വൻതോതില്‍ ലഹരിഗുളികകള്‍ കൈവശംവെച്ച യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റിന്‍റെ നേതൃത്വത്തില്‍ അല്‍-ഖസർ മേഖലയില്‍ നടത്തിയ പതിവ് സുരക്ഷാ പട്രോളിംഗിനിടെയാണ് യുവാവ് അറസ്റ്റിലായത്. 770 ലിറിക്ക ഗുളികകളാണ് യുവാവിന്റെ കൈവശം ഉണ്ടായിരുന്നത്.

video
play-sharp-fill

രാജ്യത്ത് ലഹരിമരുന്ന് കടത്തിനെതിരെ വധശിക്ഷയും ജീവപര്യന്തം തടവും വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം നിലവില്‍ വന്നതിന് ശേഷമുള്ള ആദ്യ ആഴ്ചയിലാണ് ഈ സുപ്രധാന അറസ്റ്റ്. അല്‍-ഖസർ മേഖലയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥർ ഗതാഗത നിയമങ്ങള്‍ ലംഘിച്ച ഒരു വാഹനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് തടഞ്ഞു നിർത്തുകയായിരുന്നു. ഡ്രൈവറെ പരിശോധിച്ചപ്പോള്‍ ഇയാള്‍ മുപ്പത് വയസ്സ് പ്രായമുള്ള ബിദൂനി വംശജനാണെന്ന് വ്യക്തമായി. പിടികൂടുമ്പോൾ ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്ന ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സംശയം തോന്നിയ പൊലീസ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌ വാഹനത്തില്‍ വിശദമായ പരിശോധന നടത്തി. ഈ പരിശോധനയിലാണ് വാഹനത്തിനുള്ളില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയില്‍ 770 ലിറിക്ക ഗുളികകള്‍ കണ്ടെടുത്തത്.

പിടിച്ചെടുത്ത മരുന്നുകള്‍ വിതരണത്തിനായി കൊണ്ടുവന്നതാണെന്നാണ് പ്രാഥമിക നിഗമനം. ലഹരിമരുന്ന് കടത്തുകാർക്കും വിതരണക്കാർക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് പുതിയ നിയമപ്രകാരം അധികൃതർ സ്വീകരിക്കുന്നത്. പിടിയിലായ യുവാവിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും നിയമനടപടികള്‍ക്കുമായി ജനറല്‍ ഡിപ്പാർട്ട്‌മെന്‍റ് ഫോർ ഡ്രഗ് കണ്‍ട്രോളിന് കൈമാറി. ലഹരിമരുന്ന് ഭീഷണി തടയാൻ രാജ്യവ്യാപകമായി പരിശോധനകള്‍ കർശനമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group