
കണ്ണൂർ: ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങിയ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് അപകടം ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ ഇന്നു വൈകുന്നേരം ആറ് വരെ അയ്യൻകുന്ന് ഗ്രാമപഞ്ചായത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
പഞ്ചായത്തിലെ ആറ്, ഏഴ്, ഒൻപത്, 11 എന്നീ വാർഡുകളില്‍ പൊതുജനങ്ങള്‍ ഒത്തു കൂടുന്നത് നിരോധിച്ച് നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ കളക്ടർ അരുണ്‍ കെ. വിജയൻ ഇന്നലെ ഉത്തരവിട്ടു. ആശാൻ കുന്നില്‍ നിന്ന് ഇറങ്ങി ആന രാത്രി 11 ഓടെ കരിക്കോട്ടക്കരി ടൗണിന് സമീപം പള്ളിയുടെ പിറകുവശത്തെ കുന്നില്‍ എത്തിയതായാണ് വിവരം.
അയ്യൻകുന്ന് പഞ്ചായത്തില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞ ഉടനെയാണ് ആനയിറങ്ങിയ വാർത്ത അറിയുന്നത്. മിനി വിശ്വനാഥൻ, കെ.സി. ചാക്കോ ഉള്‍പ്പടെ എല്ലാ അംഗങ്ങളും, ബ്ലോക്ക് പഞ്ചായത്തംഗം മനോജ് എം. കണ്ടത്തില്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഇന്നലെ രാത്രി ഏഴിനു ശേഷം മാത്രമാണ് മേഖലയില്‍നിന്നും മടങ്ങിയത്.
മേഖലയില്‍ ജനങ്ങളോട് രാത്രിയില്‍ വെളിയില്‍ ഇറങ്ങരുതെന്നും ഉദ്യോഗസ്ഥർ നിർദേശം നല്‍കിയിട്ടുണ്ട്. രാത്രിയില്‍ വിവിധ സ്ഥലങ്ങളില്‍ വനംവകുപ്പ് പട്രോളിംഗ് നടത്തിവരികയാണ്. ആർആർടി ഡപ്യൂട്ടി റേഞ്ചർ ഷൈനി കുമാർ, ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനില്‍ കുമാർ തുടങ്ങി ഇരുപതംഗ സേനാംഗങ്ങളാണ് ആനയെ തുരത്തലിന് നേതൃത്വം നല്‍കുന്നത്. പടക്കം പൊട്ടിച്ചും വെടിയുതിർത്തുമാണ് ആനയെ തുരത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാട്ടാനകളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ അയ്യൻകുന്നില്‍ അടിയന്തര യോഗം വിളിച്ചു. പഞ്ചായത്ത് ഹാളില്‍ ഇന്ന് വൈകുന്നേരം നാലിന് ചേരുന്ന യോഗത്തില്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, വനം വകുപ്പ് , പോലീസ്, വില്ലേജ് അധികൃതർ തുടങ്ങിയവർ പങ്കെടുക്കും.
വനാതിർത്തിയില്‍ സോളാർ തൂക്കുവേലി നിർമാണം അടിയന്തിരമായി പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത് .
വാണിയപ്പാറ തട്ടിലുംപാലത്തുംകടവിലും രാത്രിഎട്ടോടെ കാട്ടാന ഇറങ്ങി
ഈന്തുംകരിയില്‍ നിന്നും ആനയെ കാടുകയറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് വാണിയപ്പാറ തട്ടിലും പാലത്തുംകടവിലും ആന ഇറങ്ങിയതായി വിവരം ലഭിച്ചത്. ഒരു സംഘം വനംവകുപ്പ് അധികൃതർ അവിടേക്ക് പുറപ്പെട്ടിരിക്കുകയാണ്. വനാതിർത്തികളിലെ സോളാർവേലി നിർമാണം പൂർത്തിയാക്കിയാല്‍ മാത്രമേ ആനയെ നിയന്ത്രക്കാൻ കഴിയുകയുള്ളൂ. പാലത്തുംകടവില്‍ വേലി നിർമാണം 90 ശതമാനം പൂർത്തിയായി. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്നാണ് ബാക്കി ഭാഗത്തെ നിർമാണം തടസപ്പെട്ടത്.



