
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്ഐആറിന്റെ കരട് വോട്ടർപട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുന്നതോടെ തിരഞ്ഞെടുപ്പുകമ്മിഷൻ പ്രധാനകടമ്പ കടക്കും. ക്രിസ്മസ് അവധിക്ക് നാട്ടിൽ എത്തുന്നവർക്കുകൂടി വോട്ടർപട്ടികയിൽ പേരുചേർക്കാൻ അവസരമൊരുക്കണമെന്നാണ് രാഷ്ട്രീയപ്പാർട്ടികളുടെ ആവശ്യം.
അവധിക്കെത്തുന്ന ഇവരിൽ നല്ലൊരുശതമാനവും ‘കണ്ടെത്താൻ സാധിക്കാത്ത’വർ ഉൾപ്പെട്ട എഎസ്ഡി പട്ടികയിലാണ്
ഇവർ പുറത്താകാതിരിക്കാൻ എസ്ഐആറിന്റെ സമയം നീട്ടണമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പുകമ്മിഷനോട് സംസ്ഥാനസർക്കാരിന്റെയും ബിജെപിയിതര പാർട്ടികളുടെയും ആവശ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
24.08 ലക്ഷം പേരാണ് നിലവിൽ എഎസ്ഡി പട്ടികയിലുള്ളത്. ഇതിൽ, കണ്ടെത്താൻ സാധിക്കാത്തവർ 6,45,548 പേരാണ്. കമ്മിഷന്റെ കണക്കിലുള്ള കണ്ടെത്താനാവാത്ത പലരും നാട്ടിൽത്തന്നെയുണ്ടെന്ന് രാഷ്ട്രീയപ്പാർട്ടികൾ പറയുന്നു.
ഇവർക്ക് പേരുചേർക്കണമെങ്കിൽ പുതിയ വോട്ടറായി അപേക്ഷിക്കണം. ഇതിലെ തുടർനടപടികൾക്കും എഎസ്ഡി പട്ടികയിൽ അല്ലാത്ത പുതിയ വോട്ടർമാരുടെ ഹിയറിങ്ങിനും നിലവിലെ സമയം തികയില്ല. അതിനാൽ, കൂടുതൽസമയം വേണമെന്നാണ് സർക്കാരിന്റെയും ആവശ്യം.
2025 സെപ്റ്റംബറിൽ പുതുക്കിയ പട്ടികയിലുള്ള അർഹരായ ഒരാൾപോലും എസ്ഐആർ പട്ടികയിൽനിന്ന് പുറത്താകില്ലെന്ന് തിരഞ്ഞെടുപ്പുകമ്മിഷൻ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു
രണ്ടുതവണയായി രണ്ടാഴ്ച കേരളത്തിൽ എസ്ഐആറിന്റെ സമയം നീട്ടിയിരുന്നു.
നാളെമുതൽ പേരുചേർക്കാം
എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകാനാവാത്തവർക്ക് ഡിസംബർ 23 മുതൽ ജനുവരി 22 വരെ ഫോം ആറിൽ അപേക്ഷിക്കാം. ഡിക്ലറേഷനും നൽകണം. പുതിയതായി പേരുചേർക്കാൻ ഫോറം ആറിലും പ്രവാസികൾ ആറ് എയിലുമാണ് അപേക്ഷിക്കേണ്ടത്. മരണം, താമസംമാറൽ, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാൽ പേര് ഒഴിവാക്കാൻ ഫോറം ഏഴിലും വിലാസം മാറ്റാനും മറ്റുതിരുത്തലുകൾക്കും ഫോറം എട്ടിലും അപേക്ഷിക്കണം. ഫോറങ്ങൾ https://voters.eci.gov.in എന്ന ലിങ്കിൽ കിട്ടും.
കരടുപട്ടികയിലുള്ള ഒരാളുടെ പേര് ഹിയറിങ്ങിനുശേഷം ഒഴിവാക്കിയാൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ ഉത്തരവുവന്ന് 15 ദിവസത്തിനകം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് അപ്പീൽ നൽകാം. ഇതിലും പരാതിയുണ്ടെങ്കിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെ 30 ദിവസത്തിനകം സമീപിക്കണം.
എന്യൂമറേഷൻ ഫോറങ്ങളിലെ തീരുമാനവും പരാതി തീർപ്പാക്കലും ഡിസംബർ 23 മുതൽ ഫെബ്രുവരി 14 വരെയാണ്. ഫെബ്രുവരി 21-ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും.



