play-sharp-fill
പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച: അവസാന നിമിഷം ആശ്വാസ വിജയവുമായി ഭരണപക്ഷ സംഘടന; കോടതിയുടെ വിലക്ക് നീക്കി പ്രേംജി കെ.നായർ മത്സരിക്കും

പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച: അവസാന നിമിഷം ആശ്വാസ വിജയവുമായി ഭരണപക്ഷ സംഘടന; കോടതിയുടെ വിലക്ക് നീക്കി പ്രേംജി കെ.നായർ മത്സരിക്കും

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലാ പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ പ്രേംജി കെ.നായരെ വിലക്കി സഹകരണ സംഘം പിടിക്കാനുള്ള യുഡിഎഫ് അനുകൂല വിഭാഗത്തിന്റെ നീക്കത്തിന് തിരിച്ചടി. നിലവിലെ പ്രസിഡന്റ് പ്രേംജി കെ നായരുടെ പത്രിക തള്ളിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇതോടെ ചൊവ്വാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പ് യുഡിഎഫ് പാനലിലും എൽഡിഎഫ് പാനലിനും ഒരു പോലെ നിർണ്ണായകമായി മാറി.
രാവിലെ എട്ടു മുതൽ വൈകിട്ട് നാലുവരെ നാഗമ്പടം റെയിൽവേ സ്റ്റേഷനു സമീപത്തെ ലയൺസ് ക്ലബ് ഹാളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. 11 സീറ്റിലേയ്ക്കാണ് നിലവിൽ സഹകരണ സംഘത്തിൽ മത്സരം നടക്കുന്നത്. 11 സീറ്റിലേയ്ക്കും ഇരുവിഭാഗവും പത്രിക നൽകിയിട്ടുണ്ട്. നിക്ഷേപക വിഭാഗത്തിലാണ് നിലവിലെ പ്രസിഡന്റ് പ്രേംജി കെ.നായർ മത്സരിക്കുന്നത്. എന്നാൽ, ഇതിനു മുന്നോടിയായി പൊതുവിഭാഗത്തിലും പ്രേംജി പത്രിക സമർപ്പിച്ചിരുന്നു. ഇത് മുന്നിൽ നിർത്തിയാണ് യു.ഡി.എഫ് പാനൽ പ്രേംജിയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്. രണ്ടു സീറ്റിലേയ്ക്ക് മത്സരിക്കാൻ നാമനിർദേശം നൽകിയെന്നതായിരുന്നു പ്രധാന വാദം. എന്നാൽ, ഇ്ത് അംഗീകരിക്കാതിരുന്ന ഡിവിഷൻ ബെ്ഞ്ച് വിധി പൂർണ്ണമായും തള്ളിക്കളയുകയായിരുന്നു.
ജില്ലയിലെ പൊലീസ് സഹകരണ സംഘത്തിൽ അംഗങ്ങളായ 2324 പേരാണ്  വോട്ടെടുപ്പിൽ പങ്കെടുക്കുക. തിരഞ്ഞെടുപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അനുകൂല വിധി സമ്പാദിച്ചത് ഇടത് പക്ഷത്തിന് അപ്രതീക്ഷിത നേട്ടമായി.
രണ്ടു സീറ്റിൽ നാമനിർദേശ പത്രിക സമർപ്പിക്കാമെങ്കിലും ഒരിടത്തേയ്ക്ക് മാത്രമേ മത്സരിക്കാൻ സാധിക്കൂ. എന്നാൽ, രണ്ടു സീറ്റിൽ നാമനിർദേശ പത്രിക സമർപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് അനുകൂല വിഭാഗം കോടതിയെ സമീപിച്ചത്. എന്നാൽ, ഇത് അംഗീകരിക്കാതെ ഡിവിഷൻ ബെഞ്ച് നിലവിലെ ഭരണസമിതിയ്ക്ക് അനുകൂലമായി വിധി പ്രഖ്യാപിക്കുകയായിരുന്നു.