
ഇരിട്ടി: അഗ്‌നിരക്ഷാനിലയത്തിന് മുന്നിലൂടെ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. വെള്ളിയാഴ്ച രാവിലെ 10.30-ഓടെയായിരുന്നു സംഭവം.
ഇരിട്ടി പയഞ്ചേരി സ്വദേശിയായ റിട്ട. എസ്‌ഐ തോമസ് ചെമ്പകശേരി (64) ആണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.
കാറിൽനിന്ന് പുകയുയരുന്നത് കണ്ട അഗ്‌നിരക്ഷാസേനാംഗങ്ങൾ ശബ്ദമുണ്ടാക്കി കാർ നിർത്തിച്ചതോടെയാണ് വൻ അപകടം ഒഴിവായത്.
ഇരിട്ടി ട്രഷറിയിൽ പോകുന്ന വ്യക്തിയാണ് തോമസ്. സാധാരണ ട്രഷറിക്ക് മുന്നിലെ പാർക്കിംഗ് ഗ്രൗണ്ടിലാണ് വാഹനം ഇടാറുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം ഗ്രൗണ്ടിലേക്ക് കടക്കാൻ കഴിയാത്ത വിധം തിരക്കുണ്ടായതിനാൽ വണ്ടി 150 മീറ്റർ അകലെയുള്ള അഗ്‌നിരക്ഷാനിലയത്തിന് മുന്നിൽ ഇടുകയായിരുന്നു. അല്പസമയത്തിന് ശേഷം ഗ്രൗണ്ടിൽ സ്ഥലം കിട്ടുമെന്ന പ്രതീക്ഷയിൽ വണ്ടി അവിടെ നിന്നുമെടുത്തു. ഈ സമയത്താണ് പുക ഉയരുന്നത് അഗ്‌നിരക്ഷാനിലയത്തിലെ ജീവനക്കാർ കണ്ടത്. പുറത്തേക്കോടി വന്ന അവരുടെ ബഹളം കേട്ടാണ് തോമസ് കാർ നിർത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തോമസിനെ പുറത്തിറക്കിയപ്പോഴേക്കും തീ പടരാൻ തുടങ്ങിയിരുന്നു. അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് പെട്ടെന്ന് തീ കെടുത്താനായതിനാൽ തോമസിന്റെ ജീവനും കാറും രക്ഷിക്കാനായി. കാറിന്റെ എസി കംപ്രസറിലെ ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമായത്.
ഇരിട്ടി അഗ്‌നിരക്ഷാനിലയം അസി. സ്റ്റേഷൻ ഓഫീസർ എൻ.ജി. അശോകൻ, എൻ.ജെ. അനു, സി.വി. സൂരജ്, പി.കെ. രാജേഷ്, ടി. ശ്രീജിത്ത് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.




