സെൻകുമാറിന് പിന്നാലെ ജേക്കബ് തോമസും പിണറായിക്ക് പണികൊടുത്തു: ജേക്കബ് തോമസിന്റെ സസ്‌പെൻഷനിൽ സർക്കാരിന് ട്രൈബ്യൂണലിന്റെ ചുവപ്പ് കാർഡ്; ജേക്കബ് തോമസിനെയും തിരിച്ചെടുക്കാൻ ഉത്തരവ്
സ്വന്തം ലേഖകൻ
കൊച്ചി: ഡി.ജി.പി സ്ഥാനത്തു നിന്നും പുറത്താക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ സുപ്രീം കോടതി വരെ പോയി പരാജയപ്പെടുത്തിയ മുൻ സംസ്ഥാന പൊലീസ് മേധാവി ടി.പി സെൻകുമാറിന്റെ വഴിയിൽ ഡി.ജി.പി ജേക്കബ് തോമസും. സർക്കാരിന്റെ പ്രതികാര നടപടിയെ തുടർന്ന് മാസങ്ങളായി സസ്‌പെൻഷനിൽ തുടരുന്ന മുൻ വിജിലൻസ് ഡയറക്ടർ ഡിജിപി ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കാനാണ് ഉത്തരവിട്ടത് ഉത്തരവ്. കൊച്ചിയിലുള്ള സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. അടിയന്തരമായി തന്നെ അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുക്കണം. നേരത്തെ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രി പിറണായി വിജയന് അനഭിമതനായതിന്റെ പേരിൽ സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നും നീക്കം ചെയ്തിരുന്നു. ഇതിനെതിരെ സെൻകുമാർ സുപ്രീം കോടതി വരെ പോയി വിജയം തിരികെ പിടിക്കുകയായിരുന്നു. ഇതേ തുടർന്ന് മൂന്നു മാസത്തോളം സർക്കാരനെ വെല്ലുവിളിച്ച് പൊലീസ് മേധാവിയായി തുടർന്നു.
രണ്ടു വർഷമായി ജേക്കബ് തോമസ് സസ്പെൻഷനിലായിരുന്നു. ഓഖി ദുരന്തത്തിൽ സർക്കാർ വിരുദ്ധ പരാമർശനത്തിന്റെ പേരിലായിരുന്നു ആദ്യം ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തത്. തുടർന്ന് പുസ്തകമെഴുതിയതിന്റെ പേരിലും, അഴിമതി കണ്ടെത്തിയതിലുമടക്കം സസ്പെൻഷൻ കാലാവധി പലഘട്ടങ്ങളായി ദീർഘിപ്പിക്കുകയായിരുന്നു.
ഇതേ തുടർന്ന് അദ്ദേഹം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതിൽ വിശദമായ വാദം കേട്ട ശേഷമാണ് ട്രിബ്യൂണൽ ഉത്തരവിട്ടിരിക്കുന്നത്. വൈരാഗ്യബുദ്ധിയോടെ തന്നെ വേട്ടയാടുകയാണെന്നതടക്കമുള്ള ജേക്കബ് തോമസിന്റെ വാദങ്ങളെല്ലാം ട്രിബ്യൂണൽ അംഗീകരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജേക്കബ് തോമസിനെ സർവീസിൽ നിന്ന് രണ്ടു വർഷത്തോളം സസ്പെൻഡ് ചെയ്തതിന് യാതൊരു ന്യായീകരണവുമില്ല.അതിനാൽഅദ്ദേഹത്തെ അടിയന്തരമായി തിരിച്ചെടുക്കണമെന്നാണുത്തരവ്.
അഴിമതിക്കെതിരെയുള്ള ശബ്ദം കേരളത്തിൽ നിലച്ചിട്ടില്ല എന്നതാണ് വിധിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ജേക്കബ് തോമസ് പ്രതികരിച്ചു. അഴിമതിക്കെതിരെ ഏറ്റവും ഫലപ്രദമായ മാർഗം അകത്തുള്ളവർ തന്നെ പുറത്തുപറയുക എന്നതാണ്. നീതിന്യായ വ്യവസ്ഥ സദൃഢമാണെന്നും അദ്ദേഹം പറഞ്ഞു. വിധിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജേക്കബ് തോമസ് കൂട്ടിച്ചേർത്തു.
സർക്കാർ അധികാരത്തിൽ എത്തുമ്പോൾ മുഖ്യമന്ത്രിയുടെ വിശ്വസ്തരായ ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു ജേക്കബ് തോമസ്. സംസ്ഥാന സർക്കാരിന്റെ തന്ത്രപ്രധാനമായ വകുപ്പുകളിൽ ഒന്നായ വിജിലൻസിന്റെ തലപ്പത്ത് തന്നെ മേധാവിയായി ജേക്കബ് തോമസിനെ നിയോഗിക്കുകയായിരുന്നു. എന്നാൽ, മന്ത്രി ഇ.പി ജയരാജനെതിരെ കേസ് എടുത്തതതും, സർക്കാർ അനുമതിയില്ലാതെ ധനകാര്യ വകുപ്പ് സെക്രട്ടറി അടക്കമുള്ളവരുടെ വീടുകൾ റെയ്ഡ് ചെയ്തതും ജേക്കബ് തോമസിനെ സർക്കാരിന് എതിരാക്കി. ഇതേ തുടർന്നാണ് ഐ.എ.എസ് ലോബിയുടെ സമ്മർദത്തിന്റെ ഫലമായി ജേ്ക്കബ് തോമസിനെ സസ്‌പെന്റ് ചെയ്യുകയായിരുന്നു.