എട്ട് കാലുകളുമായി പശുക്കിടാവ് പിറന്നു ; ഈ അപൂർവ കാഴ്ച ഇടുക്കിയിൽ
സ്വന്തം ലേഖിക
ഇടുക്കി: നാട്ടുകാരിൽ കൗതുകമുണർത്തി എട്ടുകാലുകളുമായി പശുക്കിടാവ്. സംഭവം നടന്നത് നമ്മുടെ കേരളത്തിൽ തന്നെയാണ്. നെടുങ്കണ്ടം സ്വദേശിയായ ക്ഷീര കർഷകൻ മുഞ്ചനാട്ട് ജോണിന്റെ വീട്ടിലാണ് എട്ട് കാലുകളുള്ള പശുക്കിടാവ് പിറന്നത്.ഇത്തരത്തിൽ പശുക്കിടാവ് പിറന്നത് അപൂർവ്വമെന്നാണ് വെറ്റിനറി ഡോക്ടർമാർ പറയുന്നത്. നെടുങ്കണ്ടം മൃഗാശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഓപ്പറേഷനിലൂടെയാണ് പശുക്കുട്ടിയെ പുറത്തെടുത്തത്. എന്നാൽ ഈ പശുക്കുട്ടിയെ രക്ഷിക്കാൻ സാധിച്ചില്ല.
സാധാരണ ആടുകളിൽ ഇത്തരത്തിൽ വൈകല്യത്തോടെ കുട്ടികൾ ഉണ്ടാകാറുണ്ടെങ്കിലും പശുക്കുട്ടികൾ ഉണ്ടാവുന്നത് അപൂർവ്വ സംഭവമാണെന്നാണ് വെറ്റിനറി ഡോക്ടർമാർ പറയുന്നത്. ഇത്തരത്തിൽ പോളീമീലിയ എന്ന ജനിതക വൈകല്യം പശുക്കളിൽ അപൂർവ്വമായാണ് കാണുന്നതെന്ന് വെറ്റിനറി ഡോക്ടർ വിഷ്ണു പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം തള്ളപശു സുരക്ഷിതമാണെന്ന് ഡോക്ടർമാർ പറഞ്ഞു. 32 വർഷമായി ക്ഷീര കർഷകനാണ് ജോൺ. ഇത്തവണ പശുവിന്റെ വയറ് സാധാരണയിലും വലുപ്പത്തിൽ കണ്ടതല്ലാതെ യാതൊരു അസ്വസ്ഥതയും പശുവിന് ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ഇരട്ടക്കുട്ടികൾ ആയിരിക്കുമെന്നാണ് കരുതിയത് എന്നാണ് ജോൺ പറഞ്ഞത്. നെടുങ്കണ്ടം മൃഗാശുപത്രിയിലെ ഡോ. നിജിൻ, ഡോ. വിഷ്ണു അറ്റൻഡർ ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് ഓപ്പറേഷനിലൂടെ പശുക്കുട്ടിയെ പുറത്തെടുത്തത്.