play-sharp-fill
‘അച്ഛൻ വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം’: തിലകന്റെ മകൾ സോണിയ ; കണ്ട് നിന്നവരെ ഈറനണിയിച്ച ആർദ്രമായ നിമിഷങ്ങൾ

‘അച്ഛൻ വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം’: തിലകന്റെ മകൾ സോണിയ ; കണ്ട് നിന്നവരെ ഈറനണിയിച്ച ആർദ്രമായ നിമിഷങ്ങൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മലയാള സിനിമയിലെ രണ്ട് അതികായന്മാർ തമ്മിലുണ്ടായ പോരിൽ വർഷങ്ങൾക്കുശേഷം പരസ്യമായ ഒരു മഞ്ഞുരുകൽ.അതും തിലകൻ അരങ്ങൊഴിഞ്ഞ് ഏഴ് വർഷം തികയാറാകുമ്പോൾ.നെടുമുടിയും തിലകനും തമ്മിലുള്ള അസ്വാരസ്യത്തിനാണ് അന്ത്യമായത്. ‘അച്ഛന്റെ വാക്കുകൾ വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം’ നെടുമുടി വേണുവിനോട് തിലകന്റെ മകൾ ഡോ. സോണിയ പരസ്യമായി മാപ്പ് ചോദിച്ചു. സദസിൽ ആർദ്ര മനസുമായി ആളുകൾ അത് കേട്ടിരിക്കെ, നെടുമുടി കസേരയിൽ നിന്ന് എഴുന്നേറ്റ് അടുത്തുചെന്ന് സോണിയയെ ആശ്വസിപ്പിച്ചു.

കാൻസർ രോഗികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന കിങ്ങിണിക്കൂട്ടം കാൻസർ കെയർ സൊസൈറ്റി ഇന്നലെ കോട്ടൺഹിൽ എൽ.പി സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടിയിലാണ് വൈകാരിക രംഗങ്ങൾ അരങ്ങേറിയത്. ലോഹിതദാസ് തിരക്കഥ എഴുതിയ ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ സിനിമകളിലെ തിലകന്റെ വേഷം നെടുമുടി വേണു തട്ടിയെടുത്തു എന്നൊരു ആക്ഷേപം സിനിമാലോകത്തുണ്ടായിരുന്നു. തിലകൻ തന്നെയാണ് ഒരിക്കൽ ആരോപണം ഉന്നയിച്ചത്. തിലകന്റെ ആരോപണം തന്നെ വേദനിപ്പിച്ചെന്ന് നെടുമുടി വേണു മുമ്പ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനാൽ തന്നെ ഇരുവരും പിണക്കത്തിലുമായിരുന്നു. എന്നാൽ പിന്നീട് ലോഹിത ദാസ് തന്നെ തിലകന്റെ ആരോപണം നിഷേധിച്ചിരുന്നു, നെടുമുടി വേണുവിന്റെ ഉദ്ഘാടന പ്രസംഗത്തിനു ശേഷം സോണിയയുടെ ആശംസാ പ്രസംഗമാണ് അതിന് കളമൊരുക്കിയത്. ‘വേണു സാർ ഇരിക്കുന്ന ഈ വേദിയിൽ ഒരു കാര്യം പറയാതെ വയ്യ എന്ന ആമുഖത്തോടെയാണ് സോണിയ തുടങ്ങിയത്.

‘എന്റെ അച്ഛനും വേണു സാറും തമ്മിൽ സിനിമാ ലോകത്തുണ്ടായ പ്രശ്‌നങ്ങളും ശത്രുതയും എല്ലാർക്കുമറിയാം. ആ തർക്കം വളരെയേറെ മൂർച്ഛിച്ച നാളുകളിൽ ഒരു ദിവസം വേണു സാറിന്റെ ഭാര്യ കുട്ടിയെയും കൂട്ടി വട്ടിയൂർക്കാവിലുള്ള എന്റെ ക്ലിനിക്കിൽ ചികിത്സയ്ക്ക് വന്നു. വേണു സാറിനോട് എനിക്കും വെറുപ്പ് തോന്നിയ നാളുകൾ. പക്ഷേ, അദ്ദേഹത്തിന്റെ ഭാര്യ എന്നോട് പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ഞാനെത്രയോ ചെറുതായി എന്നെനിക്ക് തോന്നി. തിലകൻ ചേട്ടനും എന്റെ ഭർത്താവും തമ്മിൽ പല സിനിമാ പിണക്കങ്ങളും വഴക്കുമുണ്ടാവുമെന്നും നമ്മുടെയിടയിൽ അതൊന്നും ഉണ്ടാവരുതെന്നും ക്ലിനിക്കിൽ നിന്ന് ഇറങ്ങാൻ നേരം അവർ പറഞ്ഞു.’

‘സോണിയ ഞങ്ങളുടെ വീട്ടിൽ വരണം. ക്ഷണിക്കുന്നു. അടുത്തൊരു ദിവസം ഞാൻ പോയി. ഊഷ്മളമായ സ്‌നേഹം ഞാനറിഞ്ഞു. അച്ഛന്റെ വാക്കുകൾ വേണു സാറിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ മാപ്പു ചോദിക്കുന്നു’വാക്കുകൾ അവസാനിപ്പിച്ച് ഇരിപ്പിടത്തിലേക്ക് വന്ന സോണിയയെ നെടുമുടി വേണു എഴുന്നേറ്റ് ചെന്ന് ആശ്വസിപ്പിച്ചപ്പോൾ ആർദ്രമായ മനസ്സോടെ സദസ്സും അത് നോക്കി നിന്നു .