വെറ്റില പാലം നിർമ്മാണത്തിലെ ക്രമക്കേട്: ശ്രീധന്യ കൺസ്ട്രക്ഷൻസിനെ രക്ഷിക്കാൻ സർക്കാർ എന്തും ചെയ്യും; റിപ്പോർട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ
സ്വന്തം ലേഖകൻ
കൊച്ചി: വെറ്റില പാലം നിർമ്മാണത്തിലെ ക്രമക്കേട് നടത്തിയ ശ്രീധന്യ കൺസ്ട്രക്ഷൻസിനെ സംരക്ഷിക്കാൻ എന്തും ചെയ്യാൻ തയ്യാറായി സർക്കാർ. വൈറ്റില മേൽപ്പാല നിർമാണത്തിലെ ക്രമക്കേടു പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥയെ സസ്പെന്റ് ചെയ്താണ് സർക്കാർ ഇപ്പോൾ നടപടി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.കെ. ഷൈലമോളെയാണു സസ്പെൻഡ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ നിർദേശപ്രകാരമാണു നടപടി.
നേരത്തേ റിപ്പോർട്ട് ചോർന്നതിൽ മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചെന്ന് സൂചനകളുണ്ടായിരുന്നു. പാലം നിർമാണത്തിന്റെ രണ്ടാം ഘട്ട പരിശോധനാ റിപ്പോർട്ടാണ് ഉദ്യോഗസ്ഥ നൽകിയിരുന്നത്. പാലം പണിയിൽ കാര്യമായ ക്രമക്കേട് നടന്നെന്നാണ് ഇവർ കണ്ടെത്തിയത്. എന്നാൽ സ്വതന്ത്ര ഏജൻസിയുടെ മൂന്നാം ഘട്ട പരിശോധനയിൽ നിർമാണത്തിൽ കുഴപ്പമില്ലെന്നാണ് കണ്ടെത്തൽ. രണ്ടാം ഘട്ട റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ കണ്ടെത്തൽ. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായ ഉദ്യോഗസ്ഥ ചട്ടങ്ങൾ ലംഘിച്ച് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഓഫ് വിജിലൻസിന് റിപ്പോർട്ട് നൽകിയത് ക്രമ വിരുദ്ധമാണെന്നും നടപടിയ്ക്ക് കാരണമായി പറയുന്നു. ഈ കാര്യങ്ങളുന്നയിച്ചാണ് ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാർത്ത പുറത്തുവന്നതിൽ വിജിലൻസ് അന്വേഷണം നടത്തുമെന്നു മന്ത്രി ജി. സുധാകരൻ പറഞ്ഞിരുന്നു. ഉദ്യോഗസ്ഥ യുഡിഎഫിനു വേണ്ടി സർക്കാരിനെതിരെ പ്രവർത്തിച്ചെന്നും രണ്ടാംഘട്ട റിപ്പോർട്ട് മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്നുമാണു മന്ത്രിയുടെ നിലപാട്.