
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തരംഗമായ ‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ടിനെതിരായ പരാതിയിൽ കേസെടുത്തു. തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്.
അയ്യപ്പന്റെ പേര് ഉപയോഗിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസ്. ഗാനരചയിതാവും സംഗീത സംവിധായകനും പാട്ട് പ്രചരിപ്പിച്ചവരും ഉൾപ്പെടെ നാലു പേർക്കെതിരെയാണ് കേസ്.
നേരത്ത, സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതി എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന് കൈമാറിയിരുന്നു. തുടർന്ന് കേരള പൊലീസിന്റെ സൈബർ ഓപറേഷൻ വിങ്ങിനോട് പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ എ.ഡി.ജി.പി ആവശ്യപ്പെട്ടു.
റിപ്പോർട്ടിന്റെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് കേസ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാട്ടിൽ അപകീർത്തികരമായ പരാമർശങ്ങളുണ്ടോ? ഉണ്ടെങ്കിൽ ഏത് വകുപ്പുകൾ ചുമത്തി കേസെടുക്കാൻ പറ്റും തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിച്ചത്.
‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനത്തിനെതിരെ തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. പാട്ട് തയാറാക്കിയവർക്കെതിരെയും പാട്ട് ഉപയോഗിച്ചവർക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യം. പാട്ട് മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് സി.പി.എമ്മും രംഗത്തെത്തിയിട്ടുണ്ട്.



