
തിരുവനന്തപുരം:മസാല ബോണ്ട് കേസിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതിയെ സമീപിച്ചു.
ഇഡി നൽകിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. മസാല ബോണ്ട് ഇടപാടിൽ ഫെമ ചട്ട ലംഘനം നടന്നിട്ടില്ലെന്ന് ഹര്‍ജിയിൽ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
ഇഡി നടപടി രാഷ്ട്രീയ പ്രേരിതമെന്നാണ് ഹര്‍ജിയിലെ വാദം.മസാല ബോണ്ട് കേസിൽ ഇഡി കിഫ്ബിക്ക് നൽകിയ നോട്ടീസ് ഇന്നലെ ഹൈക്കോടതി മൂന്നുമാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു.ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രി ഹൈക്കോടതിയെ സമീപിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്കിയ കാരണം കാണിക്കല്‍ നോട്ടീസ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ ഇഡി അപ്പീൽ നൽകിയതിന് പിന്നാലെയാണ് നോട്ടീസ് തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഹര്‍ജി.
സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഡിവിഷന് ബെഞ്ചിനാണ് ഇഡി ഇന്ന് അപ്പീല്‍ നല്‍കിയത്. സിംഗിള്‍ ബെഞ്ച് അധികാര പരിധി മറികടന്നാണ് നോട്ടീസ് സ്റ്റേ ചെയ്തതെന്നാണ് അപ്പീലില്‍ ഇഡി ചൂണ്ടിക്കാട്ടുന്നത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മസാല ബോണ്ടിലൂടെ സമാഹരിച്ച പണം ഫെമ ചട്ടങ്ങള്‍ ലംഘിച്ചാണ് ചെലവിട്ടത് എന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ടാണ് ഇഡി അഡ്ജൂഡിക്കേറ്റിംഗ് അതോറിറ്റി മുഖ്യമന്ത്രിക്ക് നോട്ടീസ് നല്‍കിയത്.
എന്നാല്‍ ഇഡി നടപടി രാഷ്ട്രീയ പ്രേരിതമെന്നാരോപിച്ച് കിഫ്ബി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ ബെഞ്ച് നോട്ടീസിന്‍മേലുളള തുടര്‍ നടപടികള്‍ മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തത്.



