കുമാരനല്ലൂർ മക്കാ മസ്ജിദിൽ മോഷണം: മതിൽചാടി അകത്ത് കടന്ന മോഷ്ടാവ് കാണിക്കവഞ്ചി തകർക്ക് പണം മോഷ്ടിച്ചു; ഇരുപതിനായിരം രൂപയിലധികം നഷ്ടമായെന്ന് സൂചന; പള്ളിയിൽ മോഷണം നടന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ
കോട്ടയം: കുമാരനല്ലൂർ മക്കാ മസ്ജിദിൽ മോഷണം. മസ്ജിദിന്റെ മതിൽചാടി അകത്തു കയറിയ മോഷ്ടാവ് കാണിക്കവഞ്ചി തകർത്ത് ഇരുപതിനായിരം രൂപ കവർന്നു. കാണിക്ക വഞ്ചി തല്ലിത്തകർത്ത ശേഷമായിരുന്നു മോഷണം.
വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കുമാരനല്ലൂർ ക്ഷേത്രത്തിലേയ്ക്കുള്ള വഴിയിലെ മക്ക മസ്ജിദിൽ മോഷണം നടന്നത്. വെള്ളിയാഴ്ച ഏറ്റവും തിരക്കേറിയ ദിവസമാണ് പള്ളിയിൽ. കുമാരനല്ലൂർ ക്ഷേത്രത്തിലേയ്ക്ക് ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന ദിവസമാണ് വെള്ളിയാഴ്ച. ഈ ദിവസം മസ്ജിദിൽ കൂടുതൽ വരുമാനം ലഭിക്കുന്ന ദിവസമാണ്. ഇരുപതിനായിരം രൂപയെങ്കിലും സാധാരണ ഈ സമയത്ത് കാണിക്കവഞ്ചിയിൽ ഉണ്ടാകാറുണ്ടെന്ന് പള്ളി ഭാരവാഹികൾ അറിയിച്ചു. എന്നാൽ, മൂവായിരം രൂപയിൽ താഴെ മാത്രമാണ് മോഷണം പോയതെന്നാണ് പൊലീസ് അറിയിച്ചത്.
ഞായറാഴ്ച പുലർച്ചെ പള്ളിയുടെ ഉസ്താദ് എത്തിയപ്പോഴാണ് കാണിക്കവഞ്ചി പൊളിച്ചിട്ടിരിക്കുന്നത് കണ്ടത്. തുടർന്ന് സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് കണ്ടെത്തിയത്. തുടർന്ന് സി.സി.ടി.വി കാമറയിൽ ചുവന്ന ഷർട്ട് ധരിച്ച് മോഷ്ടാവ് പള്ളിയ്ക്കുള്ളിൽ ഇരിക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. പള്ളിയ്ക്കുള്ളിലൂടെ തലങ്ങും വിലങ്ങും നടക്കുന്ന മോഷ്ടാവ് ആദ്യം ഫോർ വീലർ സ്പാനർ ഉപയോഗിച്ച് കാണിക്കവഞ്ച് തകർക്കാൻ ശ്രമിക്കുന്നുണ്ട്. തുടർന്ന് തിരികെ എത്തി കമ്പിപ്പാര ഉപയോഗിച്ച് കാണിക്കവഞ്ചി കുത്തിത്തുറന്നു. തുടർന്ന് പണം മോഷ്ടിക്കുകയായിരുന്നു. ഇതിനു ശേഷം പള്ളിയ്ക്കുള്ളിലെ ഓഫിസ് കുത്തിത്തുറക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. എന്നാൽ, പള്ളിയുടെ വാതിലിന്റെ പൂട്ട് തുറക്കാൻ ശ്രമിച്ചെങ്കിലും ഇത് സാധിക്കാതെ വന്നതോടെ പ്രതി രക്ഷപെടുകയായിരുന്നു.ഗാന്ധിനഗർ എസ്.എച്ച്.ഒ സി.ഐ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും അൽപസമയത്തിനകം പരിശോധന നടത്താൻ എത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സി.സി.ടി വി വീഡിയോ ഇവിടെ കാണാം