നടിയെ ആക്രമിച്ച കേസ്: ശിക്ഷ ഇന്ന് വിധിക്കും:ഒന്നാം പ്രതി പള്‍സർ സുനി ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ വാദിക്കുമെന്നാണ് സൂചന

Spread the love

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷ വിചാരണ കോടതി ഇന്ന് പ്രഖ്യാപിക്കും.
ഒന്നാം പ്രതി പള്‍സർ സുനി ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ വാദിക്കും. എന്നാല്‍ പ്രതികള്‍ ഏഴര വർഷം വരെ തടവുശിക്ഷ അനുഭവിച്ചതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നാണ് പ്രതിഭാഗം നിലപാട്. ശിക്ഷാവിധി ഇന്ന് തന്നെ പ്രഖ്യാപിച്ചാല്‍ കേസില്‍ ദിലീപിനെ വെറുതെ വിട്ട വിധി പകർപ്പും ഇന്നുതന്നെ പുറത്ത് വന്നേക്കും.

video
play-sharp-fill

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ ദിലീപിന് പങ്കില്ലെന്ന് വിചാരണ കോടതി ഉത്തരവിട്ടതിന് പിന്നാലെ അന്വേഷണ സംഘത്തിനെതിരെ പുതിയ പോർമുഖം തുറന്നിരിക്കുകയാണ് ദിലീപ്. ദിലീപിനെതിരെ പ്രോസിക്യൂഷൻ ഹാജരാക്കിയ നേരിട്ടുള്ള തെളിവുകളും സാഹചര്യ തെളിവുകളും എന്തുകൊണ്ട് കോടതി തള്ളിയെന്ന ചർച്ചകള്‍ സജീവമാകുന്നതിനിടെ ആണ് കുറ്റക്കാരെന്ന് തെളിഞ്ഞ ആറ് പ്രതികളുടെയും ശിക്ഷ കോടതി പറയുന്നത്. ദിലീപ് ഉള്‍പ്പെടെ നാല് പ്രതികളെ കോടതി വെറുതെ വിട്ടെങ്കിലും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറ് പേർക്കെതിരെയുമുള്ള കുറ്റം തെളിഞ്ഞു. അതിനാല്‍ ഈ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കാനുള്ള ശക്തമായ നിലപാട് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.

ദിലീപിനെ വെറുതെ വിട്ട വിധി പകർപ്പും ഇന്ന് പുറത്ത് വന്നേക്കും
സമൂഹത്തിന് മുഴുവൻ ഭീഷണിയാണ് ഈ പ്രതികളെന്നും ഇവരുടെ മുൻകാല ക്രിമിനല്‍ പശ്ചാത്തലം കൂടി പരിഗണിക്കണമെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടർ വി അജകുമാർ ആവശ്യപ്പെടും. ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍ അടക്കം ഗുരുതര കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുകൊണ്ടുതന്നെ ജീവപര്യന്തം ശിക്ഷ വിധിക്കണമെന്നാണ് ആവശ്യം. എന്നാല്‍ ശിക്ഷയില്‍ പരമാവധി ഇളവു നല്‍കണമെന്ന് ആവശ്യപ്പെടാനാണ് പ്രതിഭാഗം നീക്കം. ഒന്നാം പ്രതി പള്‍സർ സുനി ഏഴര വർഷവും രണ്ടാം പ്രതി മാർട്ടിനടക്കമുളളവർ ആറര വ‍ർഷവും റിമാൻഡ് കാലാവധിയില്‍ തടവില്‍ക്കഴിഞ്ഞു. അത് കണക്കാക്കി ശിക്ഷ ഇളവ് ചെയ്യണമെന്നാകും ആവശ്യപ്പെടുക.

നടിയെ ബലാല്‍സംഗം ചെയ്തതില്‍ പങ്കില്ലെന്നും അതിന് പിന്തുണ നല്‍കിയ കുറ്റമാണ് ബലാല്‍സംഗക്കുറ്റമായി പ്രോസിക്യൂഷൻ വ്യാഖ്യാനിച്ചതെന്നുമാണ് പള്‍സർ സുനി ഒഴികെയുളള പ്രതികള്‍ കോടതിയില്‍ വാദിക്കുക. കുറ്റക്കാർക്കുളള ശിക്ഷ അവരെക്കൂടി കേട്ട ശേഷമാകും കോടതി പ്രഖ്യാപിക്കുക. ഒരു പക്ഷേ വാദം കേട്ട ശേഷം വിധി പറയാൻ അടുത്ത ദിവസത്തേക്ക് മാറ്റാനും സാധ്യതയുണ്ട്. വിയ്യൂർ ജയിലില്‍ തടവില്‍ കഴിയുന്ന മുഴുവൻ പ്രതികളും കോടതിയില്‍ നേരിട്ട് ഹാജരാകും. വാദം പൂർത്തിയായി ഇന്ന് തന്നെ ശിക്ഷ പ്രഖ്യാപിച്ചാല്‍ കേസിലെ വിശദമായ വിധി പകർപ്പും പുറത്ത് വന്നേക്കും.