ജെസിബിയില്‍ ബൈക്കിടിച്ചുണ്ടായ അപകടം; ചികിത്സയിലിരിക്കെ മരിച്ച മകന്റെ സംസ്കാരം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം അച്ഛനും മരണത്തിന് കീഴടങ്ങി

Spread the love

കൊച്ചി : എറണാകുളം കൂത്താട്ടുകുളത്ത് വാഹന അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന മകൻ മരിച്ച്‌ മണിക്കൂറുകള്‍ക്കകം അച്ഛനും മരണത്തിന് കീഴടങ്ങി.ബുധനാഴ്ച രാവിലെ ഒൻപതരയോടെയാണ് ഒലിയപ്പുറം ആക്കത്തില്‍ 44-കാരനായ റെജി മരിച്ചത്. റെജിയുടെ സംസ്കാരം ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് നടത്തുകയും ചെയ്തു. അതേ ദിവസം വൈകുന്നേരം അഞ്ചരയോടെ വാർദ്ധക്യ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന റെജിയുടെ അച്ഛൻ എആർ. നാരായണനും (72) മരണപ്പെട്ടു.

video
play-sharp-fill

കഴിഞ്ഞ ഒക്ടോബർ ആറാം തിയ്യതി, കൂത്താട്ടുകുളം വടകര റോഡില്‍ ഇടയാർ കവലയ്ക്ക് സമീപം ജെസിബിയില്‍ ഇരുചക്ര വാഹനമിടിച്ചുണ്ടായ അപകടത്തില്‍ റെജിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കൂടെയുണ്ടായിരുന്ന മുവാറ്റുപുഴ തിരുമാറാടിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഷട്ടർ പണിക്കാരനായിരുന്ന നെടുങ്കണ്ടം സ്വദേശി സന്തോഷ് അപകടത്തില്‍ മരണപ്പെട്ടിരുന്നു. അന്ന് ഗുരുതരമായി പരിക്കേറ്റിരുന്ന റെജിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിച്ച റെജിക്ക് പാലിയേറ്റീവ് കെയറിന്റെ സഹായവും ലഭ്യമാക്കിയിരുന്നു.

സിനിയാണ് റെജിയുടെ ഭാര്യ. എ.ആർ. നാരായണന്റെ ഭാര്യ സുമതി ചീരംകുന്നത്ത്. മക്കള്‍: ജിഷ, പരേതനായ റെജി. മരുമകൻ: പ്രഹ്ലാദൻ ഒലിയപ്പുറം. നാരായണന്റെ സംസ്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് വീട്ട് വളപ്പില്‍ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group