തദ്ദേശ തെരഞ്ഞെടുപ്പ്; പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം; ചെന്ത്രാപ്പിന്നിയില്‍ വോട്ടെടുപ്പ് തടസപ്പെട്ടു

Spread the love

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം. ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിയെ തുടര്‍ന്ന് തൃശൂര്‍ ചെന്ത്രാപ്പിന്നിയില്‍ വോട്ടെടുപ്പ് കുറച്ച് സമയത്തേക്ക് നിര്‍ത്തിവെച്ചു. ചെന്ത്രാപ്പിന്നി ചാമക്കാല എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് ചാമക്കാല ഗവ. മാപ്പിള സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലാണ് വോട്ടിങ് തടസപ്പെട്ടത്.

video
play-sharp-fill

ഒരാള്‍ രണ്ടു വോട്ട് ചെയ്തുവെന്ന പരാതിയിലായിരുന്നു വോട്ടെടുപ്പ് നിര്‍ത്തിവെച്ചത്. മുക്കാല്‍ മണിക്കൂറോളമാണ് വോട്ടിങ് നിര്‍ത്തിവെച്ചത്. ഒടുവില്‍ റിട്ടേണിംഗ് ഓഫീസര്‍ എത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. പരാതി ഉയരുന്ന സമയം വരെ 246 പേരാണ് വോട്ട് ചെയ്തത്. എന്നാല്‍, മെഷീനില്‍ 247 വോട്ടാണ് കാണിച്ചത്. അവസാനം വോട്ട് ചെയ്ത ആള്‍ ബീപ് ശബ്ദം വന്നില്ലെന്ന് പറഞ്ഞ് പരാതി ഉന്നയിച്ചതിനാല്‍ ഇയാള്‍ക്ക് രണ്ടാമതും വോട്ടു ചെയ്യാന്‍ അനുവാദം നല്‍കിയതാണ് പ്രശ്‌നമായത്. ഇയാളുടെ രണ്ട് വോട്ടും മെഷീനില്‍ രേഖപ്പെട്ടിരുന്നു. നിലവില്‍ ഉണ്ടായ സംഭവം ഓഫീസര്‍ ഡയറിയില്‍ റെക്കോഡ് ചെയ്യുമെന്നും വോട്ടെണ്ണല്‍ സമയത്ത് ബാക്കി നടപടികള്‍ സ്വീകരിച്ച് ആവശ്യമെങ്കില്‍ റീപോളിംഗ് നടത്താമെന്നും അറിയിച്ചതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്.

പാലക്കാട് കരിമ്പ പഞ്ചായത്തിലും കള്ളവോട്ട് ചെയ്യാന്‍ ശ്രമം നടന്നതായി ആരോപണം ഉയര്‍ന്നു. പാലക്കാട് കരിമ്പ പഞ്ചായത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കള്ളവോട്ടിന് ശ്രമിച്ചതായാണ് സിപിഎം ആരോപിക്കുന്നത്. സി പി എം നേതാക്കള്‍ നല്‍കിയ പരാതി പരിശോധിക്കുകയാണെന്ന് കല്ലടിക്കോട് പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂരില്‍ വോട്ടെടുപ്പിനിടെ വിവിധ സ്ഥലങ്ങളില്‍ സംഘര്‍ഷവുമുണ്ടായി. ചെങ്ങളായി പഞ്ചായത്തിലെ മാവിലുംപാറ വാർഡിൽ പാസ്സ് വാങ്ങാൻ എത്തിയ യുഡിഎഫ് ഏജന്‍റുമാരെ സിപിഎം പ്രവർത്തകർ മർദ്ദിച്ചുവെന്നാണ് ആരോപണം. കോൺഗ്രസ് പരാതിയെ തുടർന്ന് കണ്ണൂർ റൂറൽ എസ്പി സ്ഥലം സന്ദർശിച്ചു.