ആറുമണി കഴിഞ്ഞാൽ കെഎസ്ആർടിസിയിൽ കൺസെഷൻ നൽകിയില്ല ; വിദ്യാർത്ഥിയെ പെരുവഴിയിലിറക്കി വിട്ട് സർക്കാരിന്റെ സ്വന്തം വണ്ടി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആറുമണി കഴിഞ്ഞതിനാൽ കൺസെഷൻ നൽകാനാവില്ലെന്ന കാരണം പറഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥിയെ കെഎസ്ആർടിസി ബസിൽ നിന്ന് ഇറക്കി വിട്ടതായി പരാതി. ടിക്കറ്റിന് പണമില്ലെന്ന് പറഞ്ഞിട്ടും കണ്ടക്ടർ കേൾക്കാൻ തയ്യാറായില്ലെന്നും വിദ്യാർത്ഥി നൽകിയ പരാതിയിൽ പറയുന്നു. തിരുവനന്തരം എസ്എംവി സ്കൂളിലെ വിദ്യാർത്ഥി പോത്തൻകോട് സ്വദേശി അമൽ ഇർഫാനെയാണ് സ്റ്റാച്യുവിൽ ഇറക്കിവിട്ടത്.
സ്റ്റുഡന്റ് പൊലീസ് കേഡറ്റായ അമൽ പരിശീലന ക്ലാസ് കഴിഞ്ഞതിന് ശേഷമാണ് ബസിൽ കയറിയത്. എന്നാൽ, വൈകുന്നേരം ആറു മണി കഴിഞ്ഞതിനാൽ കൺസെഷൻ പതിക്കാൻ കഴിയില്ലെന്നായിരുന്നു കണ്ടക്ടറുടെ വാദം. വിദ്യാർത്ഥിയുടെ കൈയിൽ ബസ് ടിക്കറ്റിന് പണമില്ലായിരുന്നു. ഇതറിയിച്ചിട്ടും കണ്ടക്ടർ കൺസെഷൻ നൽകാതെ ഇറക്കി വിടുകയായിരുന്നു. ഒടുവിൽ, വഴി യാത്രക്കാരൻ കൊടുത്ത പണവുമായി മറ്റൊരു ബസിലാണ് വീട്ടിലെത്തിയത്. ആറുമണിക്കു ശേഷം കൺസെഷൻ പതിക്കാൻ പാടില്ലെന്ന നിയമമില്ലെന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥർ തന്നെ പറയുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കൾ പോത്തൻകോട് പോലീസിലും കെഎസ്ആർടിസി അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group