എസ്.പി അറിയാതെ ഒന്നും നടക്കില്ല: മുൻ ഇടുക്കി എസ്.പി വേണുഗോപാലിനെ കുടുക്കിലാക്കി ക്രൈംബ്രാഞ്ച് കണ്ടെത്തൽ; നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ എസ്.പിയും പ്രതിയായേക്കും
സ്വന്തം ലേഖകൻ
കട്ടപ്പന: നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ ഇടുക്കി മുൻ ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാലിനെ കൂടുതൽ കുടുക്കിലാക്കി ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ രാജ്കുമാറിനെ നാലു ദിവസം കസ്റ്റഡിയിൽ വച്ചത് എസ്.പി അറിഞ്ഞു തന്നെയെന്ന സൂചനയാണ് ഇപ്പോൾ അന്വേഷണ സംഘം പുറത്ത് വിടുന്നത്. ഇതോടെ നെടുങ്കണ്ടം ഉരുട്ടിക്കൊലപാതകത്തിൽ എസ്.പിയെയും പ്രതിചേർത്തേക്കുമെന്ന സൂചനയാണ് പുറത്ത് വരുന്നത്.
ഹരിത ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതിയായ കോലാഹലമേട് സ്വദേശി രാജ് കുമാറിനെ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന വിവരം അറിഞ്ഞില്ലെന്ന ഇടുക്കി മുൻ എസ്പി കെ.ബി. വേണുഗോപാലിന്റെ നിലപാട് പച്ചക്കള്ളമാണെന്നു ക്രൈംബ്രാഞ്ച്. എല്ലാ വിവരങ്ങളും മുൻ എസ്പിയെ സ്പെഷൽ ബ്രാഞ്ച് അറിയിച്ചിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
മുളകു സ്പ്രേ, ലാത്തി, പൊലീസുകാരുടെ ഷൂസുകൾ, കുമാറിന്റെ വസ്ത്രങ്ങൾ എന്നിവ മുഖ്യ തെളിവുകളായി ക്രൈംബ്രാഞ്ച് സ്വീകരിച്ചു. മർദനത്തെ തുടർന്നു കാലുകളിൽ മുറിവുണ്ടായപ്പോൾ കുമാറിന്റെ ഉടുമുണ്ട് കീറിയാണ് മരുന്നു വയ്ക്കാനായി ഉപയോഗിച്ചത്. തെളിവെടുപ്പിനിടെ കുമാർ പൊലീസിനോടു കള്ളം പറഞ്ഞതും മൊഴി മാറ്റിപ്പറഞ്ഞ് കബളിപ്പിക്കാൻ ശ്രമിച്ചതിലുമുള്ള വൈരാഗ്യമാണു ക്രൂരമർദനത്തിനു കാരണമെന്നും കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കട്ടപ്പന മുൻ ഡിവൈഎസ്പി ആണു കുമാറിന്റെ കസ്റ്റഡി തുടരാൻ നിർദേശിച്ചത്. കുമാറിനെ കസ്റ്റഡിയിൽ വയ്ക്കുന്നതു സംബന്ധിച്ച് കെ.ബി. വേണുഗോപാലിനു വ്യക്തമായ ധാരണ ഉണ്ടായിരുന്നു. നിക്ഷേപകരിൽ നിന്നു ശേഖരിച്ച പണം എവിടെ സൂക്ഷിച്ചിരിക്കുന്നു എന്ന് അറിയാൻ മർദനത്തിനിടെ കുമാറിന്റെ മുഖത്തും മുളകു സ്പ്രേ പ്രയോഗിച്ചു. മർദനത്തിൽ അവശനായ കുമാറിനെ പൊലീസുകാർ ചുമന്നു മാറ്റുന്ന ദൃശ്യങ്ങൾ പതിയാതിരിക്കാൻ നെടുങ്കണ്ടം സ്റ്റേഷനിലെ സിസിടിവി ഓഫ് ചെയ്തതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.
അതേസമയം കേസിൽ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത എഎസ്ഐ ഉൾപ്പെടെ 3 പേരെ പീരുമേട് കോടതി ദേവികുളം സബ് ജയിലിലേക്കു റിമാൻഡ് ചെയ്തു. കേസിലെ യഥാക്രമം ഒന്നും നാലും പ്രതികളായ നെടുങ്കണ്ടം മുൻ എസ്ഐ കെ.എ. സാബു, ഡ്രൈവർ സജീവ് ആന്റണി എന്നിവരുടെ ജാമ്യാപേക്ഷ തൊടുപുഴ സെഷൻസ് കോടതി തള്ളി.