
പത്തനംതിട്ട: കല്ലും മുള്ളും താണ്ടി കിലോമീറ്ററുകളോളം മലകയറി സന്നിധാനത്ത് എത്തുന്ന അയ്യപ്പ ഭക്തർക്കായി സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റ്. സന്നിധാനം വലിയ നടപ്പന്തലില്‍ എൻഡിആർഎഫ് കേന്ദ്രത്തിന് സമീപമാണ് ഫിസിയോതെറാപ്പി കേന്ദ്രം പ്രവർത്തിക്കുന്നത്.
ശരീരത്തില്‍ ഉളുക്കോ പേശി വലിവോ മറ്റോ അനുഭവപ്പെട്ടാല്‍ ഭക്തർക്ക് ഇനി ഇവിടെ എത്തിയാൽ മതി. ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റും പത്തനംതിട്ട റിഹാബിലിറ്റേഷൻ പാലിയേറ്റീവ് കെയർ സെന്ററും സംയുക്തമായി നടത്തുന്ന സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റാണ് തീർത്ഥാടകർക്ക് ഇത്തരത്തിൽ ഒരു സംവിധാനം ഒരുക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി സന്നിധാനത്ത് ഫിസിയോതെറാപ്പി യൂണിറ്റ് പ്രവർത്തിച്ചു വരുന്നുണ്ട്.
ദേശീയ ആരോഗ്യ ദൗത്യം, ഐഎപി, പിആർപിസി എന്നിവിടങ്ങളിലെ ഫിസിയോതെറാപ്പിസ്റ്റുകളണ് യൂണിറ്റില്‍ സേവനമനുഷ്ഠിക്കുന്നത്. മണ്ഡലം മഹോത്സവം അവസാനിക്കുന്നത് വരെ രാവിലെ 8 മണി മുതല്‍ വൈകിട്ട് 7 മണി വരെയാണ് യൂണിറ്റ് പ്രവർത്തിക്കുക. ദിവസേന നൂറുകണക്കിന് അയ്യപ്പന്മാർ ഈ സേവനം പ്രയോജനപ്പെടുത്തുന്നു. നടുവേദന, കാല്‍മുട്ട് വേദന, പേശിവലിവ്, ഉളുക്ക് എന്നിവയ്ക്ക് പരിഹാരമായി സ്പോർട്സ് ഫിസിയോതെറാപ്പി, മാനുവല്‍ തെറാപ്പി, മറ്റു വ്യായാമങ്ങള്‍ എന്നിവ വഴി പെട്ടെന്ന് വേദന കുറയ്ക്കാൻ കഴിയുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


