തകർത്തു നടന്ന ക്യാമ്പസിൽ അവർ ഇന്ന് വീണ്ടുമെത്തും പരീക്ഷ എഴുതാൻ; കയ്യിൽ വിലങ്ങും അകമ്പടിയ്ക്ക് പൊലീസുമായി; കുത്തുകേസിലെ പ്രതികൾക്ക് കനത്ത സുരക്ഷയിൽ പരീക്ഷയെഴുതാൻ കോടതി ഉത്തരവ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അടക്കിഭരിച്ച് തകർത്തു നടന്ന ക്യാമ്പസിൽ ഇന്ന് അവർ വീ്ണ്ടുമെത്തും. സ്വതന്ത്രരായി വിഹരിച്ച് നടന്ന യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസിലാണ് കുത്തുകേസിലെ പ്രതികൾ ഇന്ന് വീണ്ടുമെത്തുന്നത്. യൂണിവേഴ്സിറ്റി കോളേജ് മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ നാലും അഞ്ചും പ്രതികളായ കിളിമാനൂർ സ്വദേശി അദ്വൈത് മണികണ്ഠൻ , നെയ്യാറ്റിൻകര നിലമേൽ സ്വദേശി ആരോമൽ. എസ്.നായർ എന്നിവരാണ് ഇന്ന് പരീക്ഷയ്ക്കായി കോളേജിൽ എത്തുക. കനത്ത സുരക്ഷയിൽ പൊലീസ് അകമ്പടിയിൽ ഇവരെ പരീക്ഷക്കിരുത്താൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് അനീസ ഉത്തരവിട്ടു. ജില്ലാ ജയിൽ സൂപ്രണ്ടിനാണ് കോടതി ഉത്തരവിട്ടത്. ഉച്ചക്ക് 1.30 മുതൽ വൈകിട്ട് 4.30 വരെയുള്ള ഡിഗ്രി പരീക്ഷകൾക്ക് പ്രതികളെ മതിയായ സുരക്ഷയിൽ ജയിലിൽ നിന്നും കോളേജിൽ കൊണ്ടുപോയി തിരികെ എത്തിക്കണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.
നാലാം പ്രതിയെ ജൂലൈ ഇരുപത്തിയാറ് , ഇരുപത്തിയൊമ്പത് , ഓഗസ്റ്റ് ഏഴ് , ഒമ്പത് , പതിനാറ് എന്നീ തീയതികളിലും അഞ്ചാം പ്രതിയെ ജൂലൈ ഇരുപത്തിയാറ് , ഇരുപത്തിയൊമ്പത് , ഓഗസ്റ്റ് ഒന്ന് , അഞ്ച് , പന്ത്രണ്ട് എന്നീ തീയതികളിലും ഹാജരാക്കാനാണ് ഉത്തരവ്. ഉത്തരവ് പ്രതികളുടെ അഭിഭാഷകന്റെ കൈവശം മുദ്രവെച്ച കവറിൽ ജയിൽ സൂപ്രണ്ടിന് നൽകാനായി കോടതിയിൽ നിന്നും നൽകി.ഈ മാസം പന്ത്രണ്ടാം തീയതി പട്ടാപ്പകൽ 11.30 മണിക്കാണ് നഗരമധ്യത്തിലെ പാളയം യൂണിവേഴ്സിറ്റി കോളേജ് കാമ്പസിനുള്ളിൽ വച്ച് എസ് എഫ് ഐ പ്രവർത്തകനായ മൂന്നാം വർഷ ബി എ പൊളിറ്റിക്സ് വിദ്യാർത്ഥിയായ അഖിൽ ചന്ദ്രനെ രണ്ടാം പ്രതി നസീം പിടിച്ചു വച്ച ശേഷം ഒന്നാം പ്രതി ശിവരഞ്ജിത്ത് നെഞ്ചിൽ രണ്ടു പ്രാവശ്യം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭരണകക്ഷിയിൽ ഉന്നത സ്വാധീനമുള്ള ഇരുവരും 15 ന് പുലർച്ചെ കേശവദാസപുരത്ത് വെച്ച് പൊലീസുകാരുമായുണ്ടാക്കിയ രഹസ്യ ധാരണ പ്രകാരം പിടികൊടുക്കുകയായിരുന്നു .ആഭ്യന്തര വകുപ്പിൽ ഉന്നത സ്വാധീനമുള്ള ഇരുവരെയും അറസ്റ്റ് ചെയ്യാത്തതിനെതിരെ കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പൊലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും മുഖം രക്ഷിക്കാനായി അറസ്റ്റ് നാടകം അരങ്ങേറിയത്.14 ന് എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളും കേസിലെ നാലും അഞ്ചും ആറും പ്രതികളുമായ അദ്വൈത് മണികണ്ഠൻ , ആരോമൽ , ആദിൽ മുഹമ്മദ് എന്നിവർ മുൻ നിശ്ചയ പ്രകാരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ കീഴങ്ങെിയിരുന്നു. റിമാന്റിൽ കഴിയുന്ന ഇവരുടെയും എട്ടാം പ്രതി നേമം സ്വദേശി ഇജാബിന്റെയും ജാമ്യ ഹർജികൾ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
കേസിൽ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നീക്കം ആരംഭിച്ചു. ഇതിനായി അന്വേഷണ സംഘം ഇന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും.
യൂണിവേർസിറ്റി ഉത്തരക്കടലാസുകളും ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറുടെ സീലും ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് വേണ്ടിയാണ് ഇയാളെ കസ്റ്റഡിയിൽ വാങ്ങുന്നത്. ഇയാൾക്കെതിരെ വ്യാജരേഖ ചമച്ചതിനും മോഷണത്തിനും കേസെടുത്തിരുന്നു.