play-sharp-fill
പൊലീസൂകാർ ഉരുട്ടിക്കൊന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയുടെ കുടുംബത്തിനും സഹായം ദുരിതാശ്വാസ നിധിയിൽ നിന്ന്; ഇതിനോ പാവങ്ങൾ മുണ്ട് മുറുക്കിയുടുത്ത് ഒരു മാസത്തെ ശമ്പളം നൽകിയത്; പൊലീസ് ഉദ്യോസ്ഥരുടെ തോന്ന്യവാസത്തിന്റെ കണക്ക് തീർക്കാനും പാവങ്ങളുടെ നികുതിപ്പണം

പൊലീസൂകാർ ഉരുട്ടിക്കൊന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയുടെ കുടുംബത്തിനും സഹായം ദുരിതാശ്വാസ നിധിയിൽ നിന്ന്; ഇതിനോ പാവങ്ങൾ മുണ്ട് മുറുക്കിയുടുത്ത് ഒരു മാസത്തെ ശമ്പളം നൽകിയത്; പൊലീസ് ഉദ്യോസ്ഥരുടെ തോന്ന്യവാസത്തിന്റെ കണക്ക് തീർക്കാനും പാവങ്ങളുടെ നികുതിപ്പണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന കേരളത്തെ കരകയറ്റാൻ സാധാരണക്കാർ മുണ്ട് മുറുക്കിയുടുത്ത് സമ്പാദിച്ച് നൽകിയ പണം സർക്കാർ ചിലവഴിക്കുന്നത് തോന്നും പടി. നെടുങ്കണ്ടത്ത് പൊലീസുകാരുടെ കൈക്കരുത്ത് ഇരയായി കൊല്ലപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാറിന്റെ കുടുംബത്തിന് സർക്കാർ 16 ലക്ഷം രൂപ ധനസഹായം നൽകിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന്.
മഹാപ്രളയത്തിൽ മുങ്ങിത്താണ കേരളത്തെ കൈപിടിച്ചുയർത്താൻ ലോകമെങ്ങുമുള്ള മലയാളികൾ കൈഅയച്ച് സഹായിച്ചതും സർക്കാർ ജീവനക്കാർ അടക്കമുള്ള സാധാരണക്കാർ ഓരോ മാസത്തെയും ശമ്പളം മിച്ചം പിടിച്ചും നൽകിയ പണമാണ് സർക്കാർ ധൂർത്തടിക്കുന്നത്. ദുരിതാശ്വാസ നിധിയിൽ നിന്ന് പണം ധൂർത്തടിക്കുന്നതായി നേരത്തേ ലോകായുക്തയിലും കേസുണ്ടായിരുന്നു. പ്രളയത്തിനു പിന്നാലെ 1740 കോടിയിലേറെ രൂപയാണ് ദുരിതാശ്വാസ നിധിയിൽ ലഭിച്ചത്.

പൊലീസിന്റെ അതിക്രൂരമായ മർദ്ദനമേറ്റ് ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കവെ പീരുമേട് താലൂക്കാശുപത്രിയിൽ മരിച്ച വാഗമൺ സ്വദേശി രാജ്കുമാറിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് രാജ്കുമാറിന്റെ മൂന്ന് മക്കൾക്കും മാതാവിനും നാലുലക്ഷം രൂപ വീതമാണ് അനുവദിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. നഴ്സിംഗിന് പഠിക്കുന്ന മകൾ ജെസ്സി, ബി.കോം വിദ്യാർത്ഥിയായ മകൻ ജോഷി, ഹൈസ്‌കൂൾ വിദ്യാർത്ഥിയായ മകൻ ജോബി എന്നിവർക്കും 73 വയസുള്ള മാതാവ് കസ്തൂരിക്കുമാണ് സഹായം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളുടെ പേരിൽ അനുവദിക്കുന്ന തുക ദേശസാൽകൃത ബാങ്കിൽ സ്ഥിരനിക്ഷേപം നടത്തി പലിശ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റ് ചെലവുകൾക്കും ഉപയോഗിക്കണം. 18വയസാകുമ്പോൾ തുക നിക്ഷേപിക്കാം. കസ്തൂരിക്ക് നൽകുന്ന 4ലക്ഷം രൂപ അവരുടെ ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. ഇതിന് വേണ്ടിവരുന്ന 16 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഖജാൻജിയായ ധനകാര്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ പേരിലുള്ള ടി.പി-80 അക്കൗണ്ടിൽ നിന്ന് ജില്ലാ കളക്ടർക്ക് അനുവദിക്കാനാണ് ഉത്തരവ്. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ ജില്ലാ കളക്ടർ എത്രയും വേഗം സർക്കാരിനെ അറിയിക്കണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി വി.വേണു ഇറക്കിയ ഉത്തരവിൽ പറയുന്നു. കേരള പുനർനിർമ്മാണത്തിനുള്ള റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ മേധാവി കൂടിയാണ് വേണു.

കേരള പുനർനിർമ്മാണത്തിനായി പ്രവാസികളടക്കമുള്ള മലയാളികൾ നൽകിയ പണമാണ് ഇത്തരത്തിൽ ധൂർത്തടിക്കുന്നത്. പൊലീസുകാരുടെ പിഴവിന് നൽകുന്ന നഷ്ടപരിഹാരം അവരിൽ നിന്ന് ഈടാക്കുന്നതിന് പകരമാണ് ഖജനാവിൽ നിന്ന് നൽകുന്നത്. തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ ഉരുട്ടിക്കൊലക്കേസിൽ 10ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകിയിരുന്നു. ഈ തുക പ്രതികളായ പൊലീസുകാരിൽ നിന്ന് ഈടാക്കണമെന്ന കോടതി ഉത്തരവ് ഇതുവരെ നടപ്പായിട്ടില്ല. പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ട ശ്രീജിവിന്റെയും ശ്രീജിത്തിന്റെയും കുടുംബത്തിന് 10ലക്ഷംവീതവും പുന്നപ്രയിലെ അഖിലേഷിന്റെ കുടുംബത്തിന് 5 ലക്ഷവും സർക്കാർ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. പൊലീസിന്റെ അതിക്രൂരമായ മർദ്ദനമേറ്റാണ് രാജ്കുമാർ കൊല്ലപ്പെട്ടത്. രാജ്കുമാറിന്റെ ശരീരത്തിൽ 32മുറിവുകളുണ്ടായിരുന്നു. തുടകളിലെ പേശികൾ ചതഞ്ഞു. മുട്ടിനുതാഴെ പോറലുകളുണ്ടായിരുന്നു. ഉരുട്ടിയതിന് സമാനമായ ഉരഞ്ഞ പാടുകളായിരുന്നു ശരീരത്തിൽ. ഉരുളൻ തടികൊണ്ട് അമർത്തിയതിന്റെയും കുത്തിയതിന്റെയും പാടുകളുണ്ടായിരുന്നു. കാൽവെള്ളയിൽ ഭാരമുള്ള വസ്തുകൊണ്ടടിച്ചതിന്റെ തെളിവുകളുണ്ടായിരുന്നു കാൽവിരലുകളുടെ അസ്ഥികൾ മർദ്ദനത്തിൽ തകർന്നു. ഇത്തരത്തിൽ കൊല്ലാക്കൊല നടത്തിയ പൊലീസുകാരുടെ ക്രൂരകൃത്യം മയപ്പെടുത്താനാണ് ഖജനാവിലെ പണമെടുത്ത് സർക്കാർ നഷ്ടപരിഹാരം നൽകുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം ഇതാദ്യമല്ല. എൻസിപി നേതാവായിരുന്ന ഉഴവൂർ വിജയന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും ചെങ്ങന്നൂർ എംഎൽഎ ആയിരുന്ന കെ.കെ.രാമചന്ദ്രൻ നായരുടെ സ്വകാര്യ കടങ്ങളായ കാർ വായ്പയും സ്വർണ്ണ വായ്പയും വീട്ടുന്നതിനു എട്ടര ലക്ഷത്തിലധികം രൂപയും സിപിഎം പാർട്ടി സെക്രട്ടറിക്ക് അകമ്പടി പോകുന്നതിനിടയിൽ അപകടത്തിൽപ്പെട്ട പൊലീസുകാരന്റെ കുടുംബത്തിനു നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങൾക്ക് പുറമേ 20 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചിരുന്നു. മന്ത്രിസഭാ അനുമതിയോടെയായിരുന്നു ഈ ലക്ഷങ്ങൾ നൽകിയത്.

കസ്റ്റഡി മർദനക്കേസുകളിൽ ഉദ്യോഗസ്ഥരിൽനിന്ന് നഷ്ടപരിഹാരത്തുക ഈടാക്കാതെ ദുരിതാശ്വാസനിധിയിൽനിന്ന് പണം അനുവദിക്കുന്നത് നീതിയല്ലെന്ന് മനുഷ്യാവകാശ കമ്മീഷനംഗം പി മോഹനദാസ് ചൂണ്ടിക്കാട്ടി. ദുരിതാശ്വാസനിധിയെന്നത് മുഖ്യമന്ത്രിയുടെ സ്വകാര്യ സ്വത്തല്ല. കേസുകളിൽ അടിയന്തിര നടപടിയെടുക്കാതെ വൈകിക്കുന്നത് ഉദ്യോഗസ്ഥർക്ക് വളമാകുകയാണ്. നഷ്ടപരിഹാരത്തിനുള്ള വിധിയുണ്ടാകുമ്പോൾ തുക ഉദ്യോഗസ്ഥരിൽനിന്ന് വേണം ഈടാക്കാൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അതിനുള്ളതല്ലെന്നും, പി മോഹനദാസ് ചൂണ്ടിക്കാട്ടി.