
കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ അന്തിമവിധി എന്തായിരിക്കും എന്നതിനെ ഏറെ സ്വാധീനിക്കാനിടയുള്ള ഒന്നാണ് കേസിലെ സാക്ഷികളില്‍ 28 പേർ മൊഴി മാറ്റിയത്.
ആകെ 261 സാക്ഷികളാണ് കേസിലുള്ളത്. വിചാരണക്കിടെ മൊഴിമാറ്റിയ സാക്ഷികള്‍ വലിയ പങ്കും പ്രമുഖരാണ്. സായികുമാർ, സിദ്ധിഖ്, ഭാമ, ബിന്ദു പണിക്കർ, ഇടവേള ബാബു, നാദിർഷാ, സായികുമാർ, തുടങ്ങിയവർ ഇക്കൂട്ടത്തില്‍ പെടുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവായ സൂരജ്, ഡ്രൈവര്‍ അപ്പുണ്ണി, ഗാര്‍ഡ് ദാസന്‍, സുഹൃത്ത് ബൈജു എന്നിവരും കൂറുമാറി. കാവ്യമാധവന്റെ സഹോദരൻ മിഥുനും ഭാര്യ റിയയും കൂറു മാറിയവരുടെ കൂട്ടത്തിലുണ്ട്. ലക്ഷ്യയില്‍ പള്‍സർ സുനി വന്നിരുന്നതായി ഇരുവരും പോലീസിന് മൊഴി നല്‍കിയിരുന്നു.
ആലപ്പുഴ ആര്‍ക്കേഡിയ ഹോട്ടലിലെ ജീവനക്കാരി ഷെര്‍ലി അജിത്താണ് മൊഴി മാറ്റിയ മറ്റൊരാള്‍. സൗണ്ട് തോമ സിനിമ ചിത്രീകരണത്തിനായി ദിലീപ് നടന്‍ മുകേഷിനൊപ്പം താമസിച്ച ഹോട്ടലിലെ ജീവനക്കാരിയായിരുന്നു ഇവർ. ഇരുവർക്കുമൊപ്പം അതേദിവസം പള്‍സര്‍ സുനിയും ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്നാണ് ഷെര്‍ലി പൊലീസിനോട് പറഞ്ഞത്. പോലീസിന് ഹോട്ടലിലെ രജിസ്റ്ററും കൈമാറിയിരുന്നു. എന്നാല്‍ ഇതെല്ലാം ഷെർലി പിന്നീട് നിഷേധിച്ചു. രജിസ്റ്റർ പോലീസിന് താൻ കൈമാറിയിട്ടില്ലെന്നും ഷെർലി നിലപാടെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസില്‍ നടൻ സിദ്ദിഖിന്റെ മൊഴിമാറ്റം വലിയൊരു തിരിച്ചടിയായിരുന്നു. നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് ദിലീപിനെതിരേ പോലീസില്‍ നല്‍കിയ മൊഴിയാണ് സിദ്ദിഖ് മാറ്റിപ്പറഞ്ഞത്. സിദ്ദിഖ് ഒരു വാർത്താ സമ്മേളനത്തില്‍ പരസ്യമായിത്തന്നെ ഈ മൊഴി മാറ്റിപ്പറഞ്ഞത് വാർത്തയായിരുന്നു.
ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പൂർവ്വ വൈരാഗ്യം ഉണ്ടായിരുന്നുവെന്ന മൊഴിയും അമ്മ മുൻ ജനറല്‍ സെക്രട്ടറി കൂടിയായ സിദ്ദിഖ് പൊലീസിന് നല്‍കിയിരുന്നു. കൊച്ചിയിലെ അമ്മ റിഹേഴ്‌സില്‍ ക്യാമ്ബില്‍ ദിലീപ് ഈ കാര്യം തന്നോട് പറഞ്ഞിരുന്നതായും സിദ്ദിഖ് ആദ്യ മൊഴില്‍ പറഞ്ഞു.
അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും ദിലീപിനെതിരേ സമാനമായ മൊഴി നല്‍കിയിരുന്നു. നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയ വിഷയം ദിലീപുമായി സംസാരിച്ചിരുന്നെന്ന് ഇടവേള ബാബു പോലീസിന് മൊഴി നല്‍കി. ഇവരുടെ മൊഴികള്‍ പോലീസ് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. എങ്കിലും കോടതിയില്‍ ഇടവേള ബാബുവും മൊഴി മാറ്റി.
സിദ്ദിഖ് പരസ്യമായി വാർത്താ സമ്മേളനത്തില്‍ തന്റെ മൊഴി തള്ളിപ്പറഞ്ഞത് വലിയ കോളിളക്കമുണ്ടാക്കി. 2018ലായിരുന്നു ഈ സംഭവം.
നടി ഭാമയുടെ കൂറുമാറ്റം വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. അതിജീവിതയ്ക്കൊപ്പം ശക്തമായി നിലയുറപ്പിക്കുന്നവരുടെ കൂട്ടത്തിലായിരുന്നു ഭാമയെ എല്ലാവരും അതുവരെ കണ്ടിരുന്നത്. പരസ്യമായി ഫേസ്ബുക്ക് പോസ്റ്റുകളിട്ടും മറ്റും ഭാമ തന്റെ പിന്തുണ അതിജീവിതയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. “ഈ കേസില്‍ എന്‍റെ സുഹൃത്തിന് അനുകൂലമായി പൂര്‍ണമായ നീതി നടപ്പിലാക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നു. ഇനിയും ഇതുപോലുള്ള അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പഴുതുകളടച്ച നിയമവ്യവസ്ഥിതി നമുക് ആവശ്യമല്ലേ” എന്നെല്ലാം സോഷ്യല്‍ മീഡിയയില്‍ പറഞ്ഞ ഭാമ പെട്ടെന്നൊരു ദിവസം കൂറുമാറി.
ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പൂർവ്വ വൈരാഗ്യം ഉണ്ടായിരുന്നു എന്നത് വ്യക്തമാക്കുന്ന മൊഴിയായിരുന്നു ഭാമയുടേത്. ‘അവള്‍ എന്റെ കുടുംബം തകർത്തവളാണ്, ആക്രമിക്കപ്പെട്ട നടിയെ താൻ പച്ചയ്ക്ക് കത്തിക്കു’മെന്ന് ദിലീപ് പറഞ്ഞതായി ഭാമയുടെ മൊഴി പറഞ്ഞു. കൂറുമാറ്റ സംഭവത്തിനു പിന്നാലെ ഭാമയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധങ്ങളും അരങ്ങേറി. ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ കമന്റ് ഓപ്ഷൻ നീക്കം ചെയ്താണ് ഭാമ ആ പ്രതിഷേധത്തെ നേരിട്ടത്.
2020ല്‍ നടി ബിന്ദു പണിക്കരും പോലീസിന് നല്‍കിയ മൊഴി കോടതിയില്‍ മാറ്റിപ്പറഞ്ഞു. നടിയും ദിലീപും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് ബിന്ദു പണിക്കർ ആദ്യം മൊഴി നല്‍കിയത്.
2020 മാർച്ച് മാസത്തില്‍ നടന്ന വിസ്താരത്തില്‍ ബിന്ദുപണിക്കർ മൊഴി മാറ്റിയപ്പോള്‍ നടൻ കുഞ്ചാക്കോ ബോബൻ മൊഴിയില്‍ ഉറച്ചു നിന്നു. മഞ്ജു വാര്യരുടെ കൂടെ അഭിനയിക്കരുതെന്ന രീതിയില്‍ ദിലീപ് തന്നോട് സംസാരിച്ചിരുന്നുവെന്ന് കുഞ്ചാക്കോ മൊഴി നല്‍കിയിരുന്നു. അമ്മയുടെ ട്രഷററായിരുന്ന തന്നെ മാറ്റിയാണ് ദിലീപ് ട്രഷററായതെന്നും അത് അപ്രതീക്ഷിതമായ ഒരു നീക്കമായിരുന്നെന്നും കുഞ്ചാക്കോ മൊഴി നല്‍കി. ആക്രമിക്കപ്പെട്ട നടിയെ താൻ അഭിനയിച്ച ചിത്രത്തില്‍ നിന്ന് ഒഴിവാക്കാൻ ദിലീപ് ശ്രമിച്ചിരുന്നെന്നും കുഞ്ചാക്കോ മൊഴി കൊടുത്തു. ഇതില്‍ അദ്ദേഹം ഉറച്ചു നിന്നു.
കൂറുമാറിയവരിലെ പ്രമുഖരില്‍ പെടുന്ന രണ്ടുപേരാണ് ആലുവയിലെ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയിലെ ഡോ. ഹൈദര്‍ അലിയും സഹോദരന്‍ സലീമും. 2017 ഫെബ്രുവരി 17ന് രാത്രിയില്‍ താന്‍ ആശുപത്രിയില്‍ ആയിരുന്നുവെന്ന് കാണിക്കുന്ന രേഖകള്‍ ദിലീപ് ഹാജരാക്കിയിരുന്നു. ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഈ രേഖ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന രേഖ വ്യാജമായി നിര്‍മ്മിച്ചതാണെന്ന് ആശുപത്രിയിലെ നഴ്സ് കോടതിയെ അറിയിച്ചു. എന്നാല്‍, ഹൈദര്‍ അലിയും സലീമും വിചാരണക്കിടെ ഈ വാദം നിഷേധിച്ചു.
കാവ്യമാധവന്റെ ഉടമസ്ഥതയിലുള്ള ‘ലക്ഷ്യ’ ബ്രാൻഡ് ടെക്സ്റ്റൈല്‍സിലെ ജീവനക്കാരനായിരുന്ന സാഗര്‍ വിന്‍സന്റാണ് കൂറുമാറിയ മറ്റൊരു സാക്ഷി. ഇയാളാണ് ഈ കേസില്‍ ആദ്യമായി കൂറു മാറുന്നത്. ഫെബ്രുവരി 22ന് പള്‍സര്‍ സുനിയും മറ്റൊരാളും ലക്ഷ്യ സ്റ്റോറില്‍ എത്തി ഒരു പൊതി കൈമാറി എന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ വിചാരണക്കിടെ സാഗര്‍ അത് നിഷേധിച്ചു.
പ്രധാന പ്രതികളായ പള്‍സർ സുനി, വിഷ്ണു എന്നിവർ വിളിച്ചിരുന്നുവെന്നാണ് നാദിർഷ ആദ്യം പോലീസിന് നല്‍കിയ മൊഴി. ജയിലിനകത്ത് നിന്നാണ് പള്‍സർ സുനി നാദിർഷയെ വിളിച്ചത്. എന്നാല്‍ ഇദ്ദേഹവും കോടതിയിലെത്തിയപ്പോള്‍ മൊഴി മാറ്റുകയായിരുന്നു.




