
മുബൈ: മാനസിക വെല്ലുവിളി നേരിടുന്ന പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എട്ടുവർഷം ജയിലില്‍ കഴിഞ്ഞ 56 കാരനെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുന്നതായി പോക്‌സോ കോടതിയാണ് ഉത്തരവിട്ടത്.
പെണ്‍കുട്ടിയുടെ പ്രായം, മാനസിക ശേഷി, മൊഴികളും മെഡിക്കല്‍ റിപ്പോർട്ടും തമ്മിലുള്ള പൊരുത്തക്കേടുകള്‍ എന്നിവ പരിഗണിച്ചായിരുന്നു കോടതി കുറ്റവിമുക്തമാക്കിയത്. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകള്‍ ഇയാളെ കുറ്റക്കാരനെന്ന് തെളിയിക്കാൻ പര്യാപ്തമല്ലെന്നും പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ടെന്നും പ്രത്യേക കോടതി ജഡ്ജി എൻഡി ഖോസൈ പറഞ്ഞു.
പെണ്‍കുട്ടിയുടെ കുടുംബവും പ്രതിയും തമ്മിലുള്ള മുൻകാല വൈരാഗ്യമാണ് കള്ളക്കേസില്‍ കുടുക്കിയതെന്ന് 56 കാരന് വേണ്ടി വാദിച്ച അഭിഭാഷകരായ കാലാം ഷെയ്ഖും വൈശാലി സാവന്തും വാദിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങളെ പിന്തുണക്കാനുള്ള മെഡിക്കല്‍ റിപ്പോർട്ടുകളും ഇല്ലെന്ന് അഭിഭാഷകൻ വാദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2017 ആഗസ്ത് 24 നാണ് കേസ് രജിസ്റ്റർ ചെയ്തത്. താൻ മാർക്കറ്റില്‍ പോയപ്പോള്‍ അയല്‍ക്കാരനായ പ്രതി വീട്ടില്‍കയറി 17 വയസുള്ള മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ചെന്നാണ് അമ്മയുടെ പരാതി. പെണ്‍കുട്ടിയുടെ വയസ് 18ന് താഴെയാണെന്ന് തെളിയിക്കാൻ ആധികാരികമായ തെളിവുകള്‍ പ്രോസിക്യൂഷൻ ഹാജരാക്കിയില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു.
എഫ്‌ഐആറില്‍ പെണ്‍കുട്ടി ജനിച്ചത് 2000 ആണെന്നാണ് രേഖപ്പെടുത്തിയത്. എന്നാല്‍ സ്കൂള്‍ സർട്ടിഫിക്കറ്റില്‍ 2002 ആണെന്ന് സൂചിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ ഐക്യു 36 ആണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷൻ ശ്രമിച്ചെങ്കിലും ഈ അവകാശവാദം തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ജഡ്ജി കണ്ടെത്തുകയായിരുന്നു.




