സിഗ്നലിൽ വാഹനം നിർത്തിയതിന് ഇന്നോവ യാത്രക്കാരനെ ഇടിച്ച് കൊലപ്പെടുത്തുമെന്ന് സ്വകാര്യ ബസ് ജീവനക്കാരുടെ ഭീഷണി: ഇന്നോവയ്ക്ക് പിന്നിൽ മനപൂർവം ബസ് ഇടിപ്പിച്ചു; സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം നഗരമധ്യത്തിൽ ബസേലിയസ് കോളേജിനു മുന്നിൽ
സ്വന്തം ലേഖകൻ
കോട്ടയം: സിഗ്നനിൽ ചുവപ്പ് തെളിഞ്ഞതിനെ തുടർന്ന് നിർത്തിയ ഇന്നോവ ഡ്രൈവറെ ബസിടിച്ച് കൊലപ്പെടുത്തുമെന്ന സ്വകാര്യ ബസ് ജീവനക്കാരുടെ ഭീഷണി. സിഗ്നലിൽ നിർത്തിയിട്ടിരുന്ന ഇന്നോവയുടെ പിന്നിൽ ബസ് ഇടിപ്പിച്ച ജീവനക്കാർ, കാറിനുള്ളിലുണ്ടായിരുന്ന യാത്രക്കാരനെ കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറയുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ 10.45 ന് കെ.കെ റോഡിൽ ബസേലിയസ് കോളേജിനു മുന്നിൽ സിഗ്നലിലായിരുന്നു സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം.
കളക്ടറേറ്റ് ഭാഗത്തു നിന്നും വരികയായിരുന്ന ഇന്നോവ ബസേലിയസ് കോളേജിനു മുന്നിലെത്തിയപ്പോൾ സിഗ്നലിൽ ചുവപ്പ് തെളിഞ്ഞു. ഇതോടെ ഇന്നോവ റോഡിൽ നിർത്തിയിട്ടു. ഇതോടെ മല്ലപ്പള്ളി കറുകച്ചാൽ റൂട്ടിൽ സർവീസ് നടത്തുന്ന സോണിസ് ബസ് ഇന്നോവയുടെ പിന്നിൽ എത്തി. സിഗ്നൽ കാത്ത് നിൽക്കുന്നതിനിടെ പയ്യപ്പാടി – പുതുപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന സിന്ധു ബസ് ദിശ തെറ്റിച്ച് കയറിയെത്തി. ഈ സമയം എതിർദിശയിൽ നിന്നും കാറുകൾ അടക്കം എത്തിയതോടെ റോഡിൽ ഗതാഗതക്കുരുക്കുണ്ടായി. ഇതോടെയാണ് സ്വകാര്യ ബസുകൾ ഭീഷണി മുഴക്കിയത്.
റോഡിൽ കിടന്ന ഇന്നോവ മാറ്റണമെന്നാവശ്യപ്പെട്ട് സോണിസ് ബസ് ഹോൺ മുഴക്കി തുടങ്ങി. സിഗ്നൽ തെളിയും മുൻപ് ഇന്നോവ നീക്കാനാവില്ലെന്ന് ഡ്രൈവർ നിലപാട് എടുത്തു. ഇതോടെ രണ്ടു ബസുകളും ആക്‌സിലേറ്റർ ഇരപ്പിച്ച് ഇന്നോവ യാത്രക്കാരനെ ഭീഷണിപ്പെടുത്തി.
ഇതിനിടെ സോണി ബസ് മുന്നോട്ടെടുത്ത് ഇന്നോവയുടെ പിന്നിൽ മനപൂർവം ഇടിപ്പിച്ചു. ഇതോടെ വാഹനം ഇടിപ്പിച്ചതന് മറുപടി പറയണമെന്നാവശ്യപ്പെട്ട് ഇന്നോവയിലെ യാത്രക്കാരൻ റോഡിലേയ്ക്കിറങ്ങി. ഇതോടെയായിരുന്നു ബസ് ജീവനക്കാരുടെ ഭീഷണി. ഇന്നോവയുടെ വശങ്ങളിൽ കൈകൊണ്ട് അടിച്ച ശേഷം നിന്നെ റോഡിൽ ഇടിച്ചു വീഴ്ത്തുമെന്ന് ജീവനക്കാരൻ ഭീഷണിപ്പെടുത്തി. എത്രയും വേഗം സ്ഥലം വിടണമെന്നും ഇല്ലെങ്കിൽ വിവരമറിയുമെന്നുമായിരുന്നു ഭീഷണി. തുടർന്ന് അസഭ്യം മുഴക്കുകയും ചെയ്തു. ഇതോടെ ഇന്നോവ യാത്രക്കാരൻ രണ്ടു ബസുകളുടെയും ചിത്രം പകർത്തി. റോഡിൽ കൂടിനിന്ന യാത്രക്കാരും ചിത്രം പകർത്തി. ഇതോടെ ബസേലിയസ് കോളേജ് ഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ സ്ഥലത്ത് എത്തി. തുടർന്ന് ആവശ്യമെങ്കിൽ പൊലീസിൽ പരാതി നൽകാൻ നിർദേശിച്ചു. ഇതോടെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഇന്നോവ യാത്രക്കാരൻ വാഹനം എടുത്ത് പോരുകയായിരുന്നു.
സ്വകാര്യ ബസുകൾ അമിത വേഗവും യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നതും നഗരത്തിൽ തുടരുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലുള്ള ഉദാഹരമണാണ് ഇപ്പോൾ കണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group