
കെട്ടിട വാടക വിപണിയിൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ പുതിയ വാടക നിയമങ്ങൾ അവതരിപ്പിച്ചു. വാടകക്കാരന്റെയും വീട്ടുടമസ്ഥന്റെയും അവകാശങ്ങൾ സംരക്ഷിക്കാനും തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമങ്ങൾ.
പ്രധാന മാറ്റങ്ങൾ അറിയാം:-
– നിർബന്ധിത രജിസ്‌ട്രേഷൻ: ഓരോ വാടക കരാറും ഒപ്പിട്ട് 60 ദിവസത്തിനുള്ളിൽ സംസ്ഥാന പ്രോപ്പർട്ടി രജിസ്‌ട്രേഷൻ പോർട്ടലുകളിലോ പ്രാദേശിക രജിസ്‌ട്രാർ ഓഫീസുകളിലോ നിർബന്ധമായും രജിസ്‌റ്റർ ചെയ്യണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
– കൃത്യസമയത്ത് രജിസ്‌റ്റർ ചെയ്യാത്തപക്ഷം ₹5,000 വരെ പിഴ ഈടാക്കിയേക്കും. കൈയെഴുത്ത് കരാറുകളോ സ്റ്റാമ്പ് പേപ്പർ കരാറുകളോ മാത്രം ഇനി സ്വീകരിക്കില്ല. ഡിജിറ്റൽ ഡോക്യുമെന്റേഷൻ ഉറപ്പാക്കുന്നതിലൂടെ തട്ടിപ്പുകൾ തടയാനും നിയമം ലക്ഷ്യമിടുന്നു.
അതേസമയം, രജിസ്‌ട്രേഷൻ ചെലവുകൾ ആര് വഹിക്കണം, ഉയർന്ന രജിസ്‌ട്രേഷൻ നിരക്കുകൾ കാരണം കരാർ ഉണ്ടാക്കുന്ന പ്രക്രിയ ചെലവേറിയതാകുമോ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരാനുണ്ട്.
വാടക വർദ്ധനവിലെ നിയന്ത്രണം ഇങ്ങനെ:-
-വീട്ടുടമസ്ഥർക്ക് സ്വന്തം ഇഷ്ടപ്രകാരം ഇനി വാടക വർദ്ധിപ്പിക്കാൻ കഴിയില്ല. വാടക വർദ്ധിപ്പിക്കുന്നതിന് വാടകക്കാർക്ക് 90 ദിവസത്തെ രേഖാമൂലമുള്ള അറിയിപ്പ് നൽകണം.
-വാർഷിക വർദ്ധനവ് സാധാരണയായി 5 മുതൽ 10 ശതമാനം പരിധിക്കുള്ളിൽ ഒതുങ്ങും. ഇത് വാടകക്കാർക്ക് ചെലവുകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാൻ സഹായകമാകും.
– സെക്യൂരിറ്റി ഡെപ്പോസിറ്റ് പരിധി: സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയിലും നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
-താമസ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക് രണ്ട് മാസത്തെ വാടകയും വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക് ആറ് മാസത്തെ വാടകയും ആയിരിക്കും പരമാവധി സെക്യൂരിറ്റി ഡെപ്പോസിറ്റ്.
തർക്ക പരിഹാര സംവിധാനം:
-വാടക തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി വാടക ട്രൈബ്യൂണലുകൾ സ്ഥാപിക്കും. ഏതൊരു തർക്കവും 60 ദിവസത്തിനുള്ളിൽ പരിഹരിക്കുകയാണ് ലക്ഷ്യം.
– ഒരു വാടകക്കാരൻ മൂന്ന് മാസമോ അതിലധികമോ വാടക നൽകുന്നില്ലെങ്കിൽ, വാടക ട്രൈബ്യൂണൽ വഴി ഉടമയ്ക്ക് വേഗത്തിൽ നീതി ലഭിക്കുകയും കെട്ടിടം ഒഴിപ്പിക്കുന്ന പ്രക്രിയ ലളിതമാവുകയും ചെയ്യും.
– വാടക നൽകേണ്ട പ്രത്യേക തീയതി കരാറിൽ രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ, തൊട്ടടുത്ത മാസം 15-നകം വാടക നൽകണം. അല്ലെങ്കിൽ 12 ശതമാനം പലിശ നൽകേണ്ടിവരും.
പുതിയ നിയമം വാടക കരാർ നിബന്ധനകൾ വ്യക്തമാക്കുകയും നിയമപരമായ പരിരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ വാടകക്കാരനും വീട്ടുടമസ്ഥനും ഒരുപോലെ സുരക്ഷിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



