
ആലപ്പുഴ: 32 വർഷം ഒളിവിലായിരുന്ന പ്രതിയെ പിടികൂടി വിചാരണ നടത്തിയെങ്കിലും തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതേവിട്ടു. പുന്നപ്ര ചൂണ്ടാനിശ്ശേരിൽ വീട്ടിൽ വർഗീസിനെയാണ് (62) വിട്ടയച്ചത്.
പുന്നപ്ര പഞ്ചായത്ത് പതിമ്മൂന്നാം വാർഡിൽ സ്റ്റീഫനെ കൊലപ്പെടുത്തിയ കേസിൽ ഇയാൾ ഒളിവിലായിരുന്നു. 1994 ഓഗസ്റ്റ് അഞ്ചിനായിരുന്നു സംഭവം. വൈകീട്ട് അഞ്ചുമണിയോടെ പുന്നപ്ര വിയാനി പള്ളിക്കു സമീപത്തുവെച്ച് സ്റ്റീഫൻ എന്നയാളെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഇയാൾക്ക് വയനാട്ടിൽ വെച്ച് വാഹനാപകടത്തിൽ ഗുരുതര പരിക്കേൽക്കുകയും ഇക്കഴിഞ്ഞ ഒക്ടോബർ ആറിന് അവിടത്തെ സന്നദ്ധപ്രവർത്തകർ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന്, അമ്പലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവം നടക്കുമ്പോൾ ഇയാൾക്ക് 30 വയസ്സായിരുന്നു. തെളിവുകളുടെ അഭാവത്തിൽ കുറ്റം തെളിയിക്കാൻ കഴിയാത്തതിനാൽ കോടതി വെറുതേവിടുകയായിരുന്നു. ആലപ്പുഴ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി റോയ് വർഗീസാണ് വിധി പ്രസ്താവിച്ചത്.



