
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ കരസേന മേധാവിയും ഫീല്‍ഡ് മാർഷലുമായ അസിം മുനീറിനെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയി നിയമിച്ച് സർക്കാർ. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ശുപാർശ ചെയ്ത നിയമനത്തിന് പ്രസിഡന്റ് ആസിഫ് അലി സർദാരി അംഗീകാരം നല്കി. അഞ്ച് വർഷമാണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് പദവിയില്‍ അസിം മുനീറിന് തുടരാനാകുക.
സിഡിഎഫ് പദവി ലഭിച്ചതോടെ രാജ്യത്തിന്റെ മൂന്ന് സൈനിക ശാഖകളെയും മേല്‍നോട്ടം വഹിക്കുന്ന ഏറ്റവും ശക്തമായ പദവിയില്‍ മുനീർ എത്തിച്ചേർന്നു. അതേ സമയം, എയർ ചീഫ് മാർഷല്‍ സഹീർ അഹമ്മദ് ബാബറിന്റെ കാലാവധി രണ്ടുവർഷത്തേക്ക് കൂടി നീട്ടാൻ സർക്കാരിന്റെ ശുപാർശയും പ്രസിഡന്റ് അംഗീകരിച്ചു. കര, നാവിക, വ്യോമ സേനകളുടെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പുതുതായി രൂപപ്പെടുത്തിയ സിഡിഎഫ് പദവിയുടെ ആദ്യ ചുമതലക്കാരൻ ആണ് അസിം മുനീർ. മുമ്ബ് ഈ ചുമതല വഹിച്ചിരുന്ന ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ പദവി കഴിഞ്ഞ മാസം ഇല്ലാതാക്കി.
നവംബറില്‍ ചേർന്ന പാർലമെന്റ് ഭരണഘടനയിലെ 27-ാം വകുപ്പ് ഭേദഗതി ചെയ്താണ് പുതിയ തസ്തിക ഔദ്യോഗികമാക്കിയത്. മാസങ്ങള്‍ക്കുമുമ്ബാണ് അസിം മുനീറിനെ ഫീല്‍ഡ് മാർഷല്‍ പദവിയിലേക്ക് ഉയർത്തിയത്. പാകിസ്ഥാന്റെ ചരിത്രത്തില്‍ ഫീല്‍ഡ് മാർഷല്‍ പദവി ലഭിക്കുന്നത് ഇതു രണ്ടാമത്തെ സംഭവമാണ്. 1959-ല്‍ ജനറല്‍ അയൂബ് ഖാനായിരുന്നു ഈ ബഹുമതി നേടിയ ആദ്യ വ്യക്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


