
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിയെയും പുറത്താക്കിയ കെപിസിസിയുടെ നടപടിയേയും സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ.
രണ്ടു തീരുമാനങ്ങളും പൊതുസമൂഹത്തിന് സന്തോഷം നല്‍കുന്നതാണെന്നും രാഹുലിനായി പാർട്ടിയില്‍ ഇനി ആരും വാദിക്കരുതെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ധാർമികതയുണ്ടെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം.
ധാർമികത എന്ന് പറയുന്നില്ല. ധാർമികതയുള്ള പ്രവർത്തിയല്ലല്ലോ അയാള്‍ ഇത്രയും നാള് ചെയ്തുകൊണ്ടിരുന്നത്. പൊതുരംഗത്ത് പുലർത്തേണ്ട മാന്യത പുലർത്തിയില്ല. രാഹുല്‍ എന്ന ചാപ്റ്റർ ക്ലോസ് ചെയ്ത് കഴിഞ്ഞു. സൈബർ ആക്രമങ്ങളെ ഭയപ്പെടുന്നില്ല. കൂലി തല്ലുകാരെ ആരു പേടിക്കാനാണ്. രാഹുലിന്റെ ഒരു തിരുത്തലും ഇനി കോണ്‍ഗ്രസ് പാർട്ടിക്ക് ആവശ്യമില്ല. രാഹുലിനെ പാർട്ടിക്ക് ആവശ്യമില്ല. ഒളിച്ചിരിക്കുന്നവരെ പുറത്ത് കൊണ്ട് വരേണ്ടത് കേരള പൊലീസാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കാനുള്ള പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശും പ്രതികരിച്ചു. എംഎല്‍എ സ്ഥാനം രാജിവെയ്ക്കുന്നത് രാഹുല്‍ സ്വയം തീരുമാനിക്കേണ്ടതാണെന്നും സ്വയം തീരുമാനിച്ചാല്‍ നല്ലതാണെന്നുമായിരുന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി
ബലാത്സംഗ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് കെപിസിസി കടുത്ത നടപടി സ്വീകരിച്ചത്. ഉയർന്ന പരാതികളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ രാഹുലിനെ പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.
കോടതി നടപടിക്ക് പിന്നാലെ പുറത്താക്കല്‍
ബലാത്സംഗം, ഗർഭഛിദ്രം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി രജിസ്റ്റർ ചെയ്ത കേസില്‍ തിരുവനന്തപുരം പ്രിൻസിപ്പിള്‍ സെഷൻസ് കോടതി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെ രാഹുലിന്റെ അറസ്റ്റിന് തടസ്സമില്ലാതായി. ഈ കോടതി വിധി വന്നതിന് ശേഷമാണ്, നിലവില്‍ പാർട്ടിയില്‍ നിന്ന് സസ്പെൻഷനിലായിരുന്ന രാഹുലിനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള കെപിസിസി പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നത്. നേരത്തെ ആരോപണങ്ങള്‍ ഉയർന്ന സമയത്ത് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു.



