
തിരൂർ: ടാക്സി വാഹനങ്ങളിൽ സ്ഥാപിക്കുന്ന ജിപിഎസ് സംവിധാനം വേണ്ടവിധത്തിൽ പ്രവർത്തിക്കുന്നില്ലെന്ന് ടാക്സി ഡ്രൈവർമാർ. വാഹനം കുഴികളിൽ ചാടിയാൽ ഉടമയ്ക്കു സന്ദേശം പോകുമെന്നല്ലാതെ ഇതുകൊണ്ട് നിലവിൽ മറ്റു ഉപയോഗങ്ങളൊന്നുമില്ല.
യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് സംവിധാനം സ്ഥാപിച്ചിട്ടുള്ളത്. ജിപിഎസിന് ഒരു പാനിക് ബട്ടണുണ്ട്. ഇത് അമർത്തിയാൽ മിനിറ്റുകൾക്കകം വണ്ടിയുള്ള സ്ഥലത്ത് പൊലീസ്, അഗ്നിരക്ഷാസേന, ആംബുലൻസ്, മോട്ടർ വാഹന വകുപ്പ് എന്നിവ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ 20 മിനിറ്റിലേറെ കഴിഞ്ഞാലും ഒന്നും സംഭവിക്കാറില്ല.
7,000 രൂപയോളം ചെലവിട്ടാണ് ഉടമകൾ വാഹനത്തിൽ ഇതു സ്ഥാപിക്കുന്നത്. ഇതു റീ ചാർജ് ചെയ്യാനും വർഷം 3,000 രൂപയോളം നൽകേണ്ടതുണ്ട്. തമിഴ്നാട്ടിലും മറ്റും 2,000 രൂപയ്ക്ക് ജിപിഎസ് സംവിധാനം ലഭിക്കുമെങ്കിലും അതു വയ്ക്കരുതെന്നാണു നിർദേശം. ഇതിന്റെ പിന്നിൽ അഴിമതിയുണ്ടോയെന്ന് സംശയിക്കണമെന്നും ഡ്രൈവർമാർ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമനടപടികൾ തങ്ങളുടെ ജീവിതം ദുരിതത്തിലാക്കുകയാണെന്നും ഇത്തരം നടപടികൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് നാളെ 11ന് കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി തിരൂർ സിവിൽ സ്റ്റേഷനിലേക്ക് മോട്ടർ സംരക്ഷണ മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികളായ വി.ശ്രീനിവാസൻ, അഷ്റഫ് കുറ്റിപ്പുറം, റാഫി മുറിവഴിക്കൽ, ആലിക്കുട്ടി കൊടയ്ക്കൽ, രാഗേഷ് പരിയാപുരം, സതീശ് പൂക്കയിൽ എന്നിവർ പറഞ്ഞു.



