ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന് പുതിയ പേര് ‘ ലോക്ഭവൻ’; ആദ്യ അതിഥിയായി രാഷ്ട്രപതി നാളെയെത്തും

Spread the love

തിരുവനന്തപുരം: ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ ഇനിമുതൽ ലോക്ഭവൻ. വെള്ളയമ്പലത്തെ വസതിക്കു മുന്നിലെ രാജ്ഭവൻ എന്നു രേഖപ്പെടുത്തിയ ലോഹ ബോർ‍ഡ് അഴിച്ചുമാറ്റി. ലോക്ഭവൻ എന്നെഴുതിയ പുതിയ ബോർഡ് ഇന്നു സ്ഥാപിക്കും.

video
play-sharp-fill

കേന്ദ്ര സർക്കാർ നിർദേശപ്രകാരം രാജ്ഭവന്റെ പേര് ലോക്ഭവൻ എന്നു മാറ്റി ഗവർണർ രാജേന്ദ്ര ആർലേക്കർ ആണ് വിജ്ഞാപനമിറക്കിയത്. കൊളോണിയൽ മനോഭാവത്തിൽനിന്ന് ജനാധിപത്യ മനോഭാവത്തിലേക്കുള്ള സുപ്രധാന മാറ്റത്തിന്റെ പ്രതീകമാണിതെന്ന് ഗവർണർ പറഞ്ഞു. ഗവർണറുമായും അദ്ദേഹത്തിന്റെ വസതിയുമായും ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും ഇനി മുതൽ ലോക്ഭവൻ എന്ന പേരിലായിരിക്കും.

മാറുന്ന കാലഘട്ടത്തിന് അനുസരിച്ചുള്ള പുതിയ ചിന്താഗതി ഉൾക്കൊള്ളാൻ തയാറായ കേരള ജനതയെ അഭിനന്ദിക്കുന്നുവെന്നും ലോക്ഭവന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ പൂർണമായി സഹകരിക്കണമെന്നും ഗവർണർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തുടനീളമുള്ള രാജ്ഭവനുകളെ ലോക്ഭവനുകളെന്നും ലഫ്റ്റനന്റ് ഗവർണർമാരുടെ ഔദ്യോഗിക വസതിയായ രാജ് നിവാസുകളെ ലോക് നിവാസുകളെന്നും പുനർനാമകരണം ചെയ്യാൻ കഴിഞ്ഞ മാസം 25നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശമിറക്കിയത്. അസം, ബംഗാൾ എന്നിവിടങ്ങളിലെ രാജ്ഭവനുകൾ കഴിഞ്ഞ ദിവസം പേര് മാറ്റിയിരുന്നു.

ജനങ്ങളുടെ ഭവനം എന്ന അർഥം വരുന്ന ലോക്ഭവൻ എന്ന പേര് സ്വീകരിക്കാനുള്ള ആശയം ആർലേക്കറാണ് അവതരിപ്പിച്ചത്. 2022ൽ ബിഹാർ ഗവർണറായിരിക്കെ പങ്കെടുത്ത ഗവർണർമാരുടെ ദേശീയ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അവതരിപ്പിച്ചത്. കേരള ലോക്ഭവനിലെ ആദ്യ അതിഥിയായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെയെത്തും.