
എറണാകുളം : രാസലഹരി കേസില്‍ കൊച്ചിയിൽ യുവാവും യുവതിയും അറസ്റ്റിൽ. ഇവരിൽ നിന്ന് 88.93 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
പത്തനംതിട്ട പന്തളം തെക്കേത്തടത്തില്‍ വീട്ടില്‍ ബോവ്‌സ് വർഗീസ് (26), ആലപ്പുഴ നൂറനാട്, പടനിലം പരബ്രഹ്മ ക്ഷേത്രത്തിനു സമീപം, വിപിൻ ഭവനത്തില്‍ വിന്ധ്യ രാജൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലായതെന്ന് കൊച്ചി സിറ്റി പൊലീസ് പറയുന്നു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കലൂർ കത്രിക്കടവ് റോഡിലെ ബിസ്മി സൂപ്പർ മാർക്കറ്റിന് സമീപത്തെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. ഇവിടെ നിന്നാണ് രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. എംഡിഎംഎയുമായി പിടിയിലായ ഒന്നാം പ്രതി ജോബിൻ ജോസഫ് നല്‍കിയ മൊഴിയാണ് ഇവരിലേക്ക് അന്വേഷണം നീളാൻ കാരണം.
കേസില്‍ രണ്ടാം പ്രതിയാണ് ബോവ്‌സ് വർഗീസ്. വിന്ധ്യ രാജൻ മൂന്നാം പ്രതിയാണ്. വൈദ്യപരിശോധന അടക്കം നടപടിക്രമങ്ങള്‍ പൂർത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഒന്നാം പ്രതി ജോബിൻ ജോസഫും റിമാൻ്റിലാണ്.



