ഞാൻ എം പി സ്ഥാനത്തു നിന്നും മാത്രമാണ് പടിയിറങ്ങുന്നത്, ജനങ്ങൾക്ക് വേണ്ടിയുള്ള എന്റെ പ്രവർത്തനം തുടരുക തന്നെ ചെയ്യും : ഡി രാജ
സ്വന്തം ലേഖകൻ
ഡൽഹി : പാർലമെന്റിൽ നിന്ന് പോയാലും ജനങ്ങൾക്കൊപ്പമുള്ള തന്റെ പ്രവർത്തനം തുടരുക തന്നെ ചെയ്യുമെന്ന് സി.പി.ഐ എം.പി ഡി.രാജ. രാജ്യസഭയിൽ ഇന്ന് കാലാവധി തീരുന്ന എം.പിമാരുടെ യാത്രയയപ്പ് പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജനാധിപത്യത്തിന്റെ ഏറ്റവും ഉയർന്ന സ്ഥാപനമായാണ് പാർലമെന്റിനെ ഞങ്ങൾ കാണുന്നത്. അംബേദ്കറും മറ്റ് സാമൂഹ്യപരിഷ്‌കർത്താക്കളും വിഭാവനം ചെയ്തത് പോലെ പാർലമെന്റ് നിലനിൽക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’
Whatsapp Group 1 | Whatsapp Group 2 |Telegram Group
കമ്മ്യൂണിസ്റ്റ് എം.പിമാരുടെ പ്രവർത്തനത്തെയും അദ്ദേഹം അഭിനന്ദിച്ചു. ജനങ്ങളുടെ വിഷയങ്ങൾ പരിഗണിക്കപ്പെടുന്ന ഏറ്റവും ഉന്നതമായ സ്ഥാനമാണ് പാർലമെന്റിനുള്ളത്. ഞാൻ എം.പി സ്ഥാനത്ത് നിന്ന് മാത്രമാണ് പടിയിറങ്ങുന്നത്. ജനങ്ങൾക്ക് വേണ്ടിയുള്ള എന്റെ പ്രവർത്തനം തുടരുക തന്നെ ചെയ്യും- രാജ പറഞ്ഞു.
വൈവിധ്യം നിറഞ്ഞ നമ്മുടേത് പോലൊരു രാജ്യത്ത് ജനങ്ങൾ സുരക്ഷിതരായിരിക്കണം. രാഷ്ട്രീയമായി പാർശ്വവൽക്കരിക്കപ്പെട്ടവരെയും മനുഷ്യരായി കാണാൻ കഴിയണം. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടത് സഹതാപമോ സഹാനുഭൂതിയോ അല്ല. അവരുടെ ജനാധിപത്യമൂല്യങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.