കണ്ടുകെട്ടിയ സ്വത്ത് തിരികെ നൽകാമെന്ന് ഇഡി; സമ്മതിക്കാതെ കരുവന്നൂര്‍ ബാങ്ക്, നിക്ഷേപകര്‍ കണ്ണീരിൽ

Spread the love

തൃശൂര്‍: കോടികളുടെ വായ്പ തട്ടിപ്പ് നടത്തിയ തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പിന് ഇരയായ നിക്ഷേപകരുടെ പ്രശ്‌നപരിഹാരത്തിനായുള്ള കാത്തിരിപ്പ് ഇപ്പോഴും അവസാനിച്ചിട്ടില്ല ,തട്ടിപ്പ് അന്വേഷിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇഡി) പിടിച്ചെടുത്ത വസ്തുവകകള്‍ തിരിച്ചു നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട് എങ്കിലും കരുവന്നൂര്‍ സഹകരണ ബാങ്ക് ഇതിന് അനുകൂലമായ നിലപാട് ഇതുവരെ സ്വീകരിക്കാത്തതാണ് പണം തിരികെ കിട്ടാനായിട്ടുള്ള നിക്ഷേപകരുടെ കാത്തിരിപ്പ് നീണ്ടുപോകാന്‍ കാരണമാകുന്നത് .

video
play-sharp-fill

കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റകൃത്യത്തില്‍ ബാങ്കാണ് പ്രാഥമിക പരാതിക്കാരെന്ന്, പിഎംഎല്‍എ (പണമിടപാട് തടയല്‍ നിയമം) കേസുകള്‍ക്കായുള്ള പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇഡി വ്യക്തമാക്കി ഇരുന്നു . പിടിച്ചെടുത്ത സ്വത്തുക്കള്‍ ബാങ്കിലേക്ക് മാറ്റിക്കഴിഞ്ഞാല്‍ യോഗ്യരായ ഉപഭോക്താക്കള്‍ക്ക് അവരുടെ നിക്ഷേപങ്ങള്‍ പുനഃസ്ഥാപിക്കാന്‍ നിയമപരമായി അവകാശമുണ്ടെന്നും ഇഡി അറിയിച്ചു.

പണം, ജംഗമ ആസ്തികള്‍, സ്ഥാവര സ്വത്തുക്കള്‍ എന്നിവയുള്‍പ്പെടെ തട്ടിപ്പുമായി ബന്ധപ്പെട്ട ആസ്തികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടിയിട്ടുണ്ട്. പിഎംഎല്‍എ സെക്ഷന്‍ 5 പ്രകാരം 128.82 കോടി രൂപയുടെ ആസ്തികളാണ് കണ്ടുകെട്ടിയത്. ഇത് ബാങ്കിന് കൈമാറാന്‍ തയ്യാറാണെന്നും അതുവഴി സ്ഥിര നിക്ഷേപം ശരിയായ അവകാശികള്‍ക്ക് വിട്ടുകൊടുക്കാന്‍ കഴിയുമെന്നും ഇഡി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016 ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ (കണ്ടുകെട്ടിയ സ്വത്ത് പുനഃസ്ഥാപിക്കല്‍) നിയമ പ്രകാരം, കോടതിയെ സമീപിക്കാനും, സ്വത്തുക്കള്‍ ഔപചാരികമായി പുനഃസ്ഥാപിക്കാനോ വിട്ടുകൊടുക്കാനോ ആവശ്യപ്പെടാനും ബാങ്കിന് അവസരമുണ്ടെന്ന് ഇഡി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരത്തില്‍ യാതൊരു നടപടിയും ബാങ്ക് സ്വീകരിച്ചിട്ടില്ലെന്ന് ഇഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ആസ്തികളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ബാങ്കിന്റെ ‘മനസ്സില്ലായ്മ’ പരിഹാര പ്രക്രിയയില്‍ പ്രധാന തടസ്സമായി മാറിയിട്ടുണ്ടെന്ന് ഇഡിയുടെ അഭിഭാഷകന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

എന്നാല്‍ സമാനമായ നിക്ഷേപ തട്ടിപ്പു നടന്ന കണ്ട്‌ല സഹകരണ ബാങ്കില്‍, നിക്ഷേപകരുടെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയിരുന്നു. ജപ്തി ചെയ്ത എല്ലാ ആസ്തികളും പുനഃസ്ഥാപിച്ചാല്‍ ബാങ്കിന് നിക്ഷേപകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കഴിയുമെന്നും ഇഡി വ്യക്തമാക്കുന്നു. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും, ഇഡിയുടെ സത്യവാങ്മൂലത്തില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചതായും കരുവന്നൂര്‍ ബാങ്ക് വ്യക്തമാക്കുന്നു.

സത്യവാങ്മൂലത്തില്‍ പേരുള്ള വ്യക്തികള്‍ മറുപടി നല്‍കുന്നതിനായി ബാങ്ക് കാത്തിരിക്കുകയാണ്. പരാതിയില്‍ നിരവധി പേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. കോടതി അവര്‍ക്ക് മറുപടി നല്‍കാന്‍ അവസരം നല്‍കിയിട്ടുണ്ടെന്നും ബാങ്കിന്റെ അഭിഭാഷകന്‍ അനില്‍ നായര്‍ പറഞ്ഞു. ഏകദേശം 120 കോടി രൂപയുടെ സ്വത്തുക്കള്‍ പുനഃസ്ഥാപിക്കാന്‍ ഇഡി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും, എന്നാല്‍ ഈ ആസ്തികളില്‍ പലതിനും വിവിധ കോടതികളില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും കരുവന്നൂര്‍ ബാങ്കിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീലാല്‍ ആര്‍ എല്‍ പറഞ്ഞു. കേസുകളില്ലാത്ത വസ്തുവകകള്‍ ബാങ്കിന് കൈമാറാന്‍ ഇഡി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.