കൊച്ചിയിൽ മതപ്രചാരണം ; മെഡിക്കൽ വിസയിലെത്തിയ സൗദി പൗരൻ പൊലീസ് നിരീഷണത്തിൽ
സ്വന്തം ലേഖകൻ
കൊച്ചി: നഗരത്തിലെ മാളിൽ ഒരു സമുദായത്തിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റിന്റെ മേൽവിലാസമടങ്ങിയ കാർഡ് യുവാക്കൾക്ക് വിതരണം ചെയ്ത സൗദി അറേബ്യൻ പൗരൻ പൊലീസ് നിരീഷണത്തിൽ. ഇയാളെ ഇന്നലെ വിവിധ രഹസ്യാന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു. ഒരു ഹോട്ടലിൽ താമസിക്കുന്ന ഇയാളോട് അനുമതിയില്ലാതെ പുറത്തുപോകരുതെന്ന് പൊലീസ് നിർദ്ദേശിച്ചു.
കഴിഞ്ഞ ദിവസമാണ് മാളിലെത്തിയ 50 വയസുകാരൻ യുവാക്കൾക്ക് ചാറ്റ് ഫോർ ട്രൂത്ത് ഡോട്ട് കോം എന്ന കാർഡ് കൈമാറിയത്. കാർഡ് കിട്ടിയ ചിലർ സൈറ്റിൽ പ്രവേശിച്ചതോടെ ഒരു സമുദായത്തിന്റെ ആശയങ്ങളുടെ പ്രചാരണമാണെന്ന് വ്യക്തമായി. വെബ്‌സൈറ്റിൽ നിന്ന് വിവരങ്ങൾ ലഭിക്കാൻ വ്യക്തിയുടെ ഇ-മെയിൽ വിലാസമുൾപ്പെടെ അറിയിക്കണം. ഇതോടെ ചിലർ പൊലീസിന് വിവരം കൈമാറുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരാൾ തന്ന കാർഡുകൾ വിതരണം ചെയ്യുകയായിരുന്നുവെന്നാണ് സൗദി പൗരന്റെ മൊഴി. മറ്റ് കാര്യങ്ങളൊന്നുമറിയില്ല. ഇന്ത്യയിലെ നിയമങ്ങൾ അറിയാത്തതിനാൽ അബദ്ധം പറ്റിയതാണെന്നും അറിയിച്ചു. ഇക്കാര്യം പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല.
മകളുടെ ചികിത്സയുടെ ഭാഗമായി മെഡിക്കൽ വിസയിലാണ് ഇയാൾ കേരളത്തിലെത്തിയത്. മകൾ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ നേരത്തെയും വന്നിട്ടുണ്ട്. എന്നാൽ സൗദി പൗരൻ ആദ്യമായാണ്. ഇയാളുടെ പാസ്പോർട്ടും മറ്റ് രേഖകളും പൊലീസ് കസ്റ്റഡിയിലെടുത്തു. വിവിധ രഹസ്യാന്വേഷണ ഏജൻസികൾ ഇന്നും ചോദ്യം ചെയ്യും.