ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രിയും വീഴുമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍:എല്ലാത്തിനും മൂലം തന്ത്രിയാണല്ലോ. തന്ത്രിയും വീഴും എന്നാണ് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം

Spread the love

ആലപ്പുഴ: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രിയും വീഴുമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍.
റിമാന്‍ഡിലുള്ള മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ കുഴപ്പക്കാരനാണെന്ന് താന്‍ പണ്ടേ പറഞ്ഞതാണ്.

video
play-sharp-fill

എല്ലാത്തിനും മൂലം തന്ത്രിയാണല്ലോ. തന്ത്രിയും വീഴും എന്നാണ് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ പത്മകുമാര്‍ മൊഴി നല്‍കിയ പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെയും ശക്തമായ തെളിവുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ശ്രീകോവില്‍ വാതിലിന്റെ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളികള്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറുന്നതിന് 2019 മേയ് 18ന് തയ്യാറാക്കിയ മഹസറില്‍ ഒപ്പുവച്ചവരില്‍ കണ്ഠരര് രാജീവരും ഉള്‍പ്പെടും. ഈ വിവരം ഹൈക്കോടതി പിടിച്ചെടുത്ത രേഖകളിലും ഇടക്കാല ഉത്തരവിലുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മറ്റുള്ളവരുടെ കാര്യത്തില്‍ തെളിവുകള്‍ പരിഗണിച്ചാല്‍ തന്ത്രി കണ്ഠരര് രാജീവരെയും പ്രതിചേര്‍ക്കേണ്ട അവസ്ഥ വരും. ഇതിലേക്ക് തല്‍ക്കാലം അന്വേഷണ സംഘം കടന്നിട്ടില്ല. തന്ത്രിയെ വിശ്വസിക്കുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെമ്പുപാളികള്‍’ എന്ന് തെറ്റായി രേഖപ്പെടുത്തിയ കട്ടിളയില്‍ നിന്ന് 474.9 ഗ്രാം സ്വര്‍ണം നഷ്ടമായതായും കണ്ടെത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ക്ക് ദേവന്റെ അനുജ്ഞ കൈമാറുക മാത്രമാണ് ഉണ്ടായതെന്നാണ് തന്ത്രി നല്‍കുന്ന വിശദീകരണം. എന്നാല്‍, മഹസറിലെ ഒപ്പ് തിരിച്ചടിയാകും. കട്ടിളപ്പാളികളുടെ മഹസറില്‍ തന്ത്രിയും അന്നത്തെ മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്ബൂതിരി, ഉദ്യോഗസ്ഥരായ ബി. മുരാരിബാബു, ഡി. ജയകുമാര്‍, ആര്‍. ശങ്കരനാരായണന്‍, കെ. സുലിന്‍കുമാര്‍, സി.ആര്‍. ബിജുമോന്‍, ജീവനക്കാരായ എസ്. ജയകുമാര്‍, പി.ജെ. രജീഷ്, വി.എം. കുമാര്‍ എന്നിവരും ഒപ്പുവച്ചിട്ടുണ്ട്.

മുരാരിബാബു അറസ്റ്റിലായി. തന്ത്രി രാജീവരെ എസ്.ഐ.ടി കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്ന് സമ്മതിച്ചിരുന്നു. കസ്റ്റഡിയിലുള്ള ദേവസ്വം മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയും തന്ത്രിക്കെതിരാണ്.ദ്വാരപാലക ശില്പങ്ങളുടെ അറ്റകുറ്റപ്പണിക്ക് മുമ്ബാണ് പോറ്റി കട്ടിളപ്പാളികള്‍ കൊണ്ടുപോയത്. അതിനു മുമ്പ് ശ്രീകോവില്‍ വാതില്‍ പുതുക്കിപ്പണിത് വിശ്വാസ്യത പിടിച്ചുപറ്റിയിരുന്നു.

കട്ടിളപ്പാളികള്‍ കൊടുത്തുവിടാനുള്ള നീക്കം 2019 ഫെബ്രുവരി 16നാണ് തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ ദേവസ്വം കമ്മിഷണര്‍ക്ക് അയച്ച കത്തില്‍ ‘സ്വര്‍ണപ്പാളികള്‍’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ദേവസ്വം കമ്മിഷണര്‍ ബോര്‍ഡിന് നല്‍കിയ ശുപാര്‍ശയില്‍ അത് ‘ചെമ്പ് ആകുകയും മാര്‍ച്ച്‌ 20ന് അതേപടി തീരുമാനമെടുക്കുകയുമായിരുന്നു. തുടര്‍ന്ന് മേയിലാണ് ചെന്നൈയ്ക്ക് കൊടുത്തയച്ചത്.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ട ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ ഇന്നലെ വൈകിട്ട് കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പത്മകുമാറിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ കോടതിക്ക് മുന്നിലെ റോഡില്‍ പ്രതിഷേധവുമായി തടിച്ചുകൂടി. ഉണ്ണികൃഷ്ണന്‍ പോറ്റി, ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബി.മുരാരിബാബു എന്നിവരുടെ റിമാന്‍ഡ് കാലാവധി രണ്ടാഴ്ചത്തേക്ക് ദീര്‍ഘിപ്പിച്ചു.