
കോട്ടയം: പപ്പടം പഴം കൂട്ടി സദ്യ ഒരുക്കുന്നതിന് പകരം ശബരിമലയില്‍ ദർശനം നടത്താൻ ആഗ്രഹിക്കുന്ന എല്ലാ അയ്യപ്പ ഭക്തർക്കും സമയബന്ധിതമായി തൊഴാൻ കഴിയും വിധം സ്പോട്ട് ബുക്കിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ക്രമീകരിക്കണമെന്ന് ബിജെപി നേതാവ് എൻ.ഹരി ആവശ്യപ്പെട്ടു. നിലവിലുള്ള ദർശന സംവിധാനം അടിമുടി അഴിച്ചു പണിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തീർത്ഥാടനം ആദ്യപകുതിയിലേക്ക് കടക്കുമ്ബോള്‍ എരുമേലിയില്‍ തട്ടിക്കൂട്ടുന്ന അവലോകനയോഗങ്ങള്‍ കണ്ണില്‍ പൊടിയിടല്‍ മാത്രമാണ്. ഇത്തരം വഴിപാട് യോഗങ്ങളിലൂടെ അയ്യപ്പഭക്തരെ പരിഹസിക്കുകയാണ്. പ്രധാന ഇടത്താവളമായ എരുമേലിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ക്രമീകരിച്ചിട്ടില്ല. ഇതര സംസ്ഥാനങ്ങളില്നിർത്തുന്ന അയ്യപ്പഭക്തർക്ക് സുഗമമായി തൊഴാനുള്ള അവസരവും ഇല്ല.
സ്പോട്ട് ബുക്കിംഗ് സംവിധാനം 24 മണിക്കൂറും ഏർപ്പെടുത്തണം. കൗണ്ടറുകള്‍ തുടങ്ങി തീർത്ഥാടകരെ കബളിപ്പിക്കുന്ന ഏർപ്പാട് ഇനിയെങ്കിലും അവസാനിപ്പിക്കണം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അയ്യപ്പഭക്തർ എത്തുന്നത് ബോർഡിൻറെ സദ്യ കഴിച്ചു മടങ്ങാനല്ല. അയ്യനെ ഒന്ന് കാണുക മാത്രമാണ് അവരുടെ ലക്ഷ്യം. അവിശ്വാസികള്‍ നയിക്കുന്ന ഭരണകൂടത്തിന് അയ്യപ്പഭക്തരുടെ മനസ്സറിയില്ല. വ്രത പുണ്യം അറിയില്ല – എൻ ഹരി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group



