play-sharp-fill
സ്വകാര്യ ആശുപത്രിയിലെ കുത്തി വയ്പ്പിനെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം; വിട പറഞ്ഞത് സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യം

സ്വകാര്യ ആശുപത്രിയിലെ കുത്തി വയ്പ്പിനെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം; വിട പറഞ്ഞത് സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യം

സ്വന്തം ലേഖകൻ

സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവയ്പിനെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ചയാണ് സംഭവം. പ്രസവം നിർത്തുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കായെത്തിയ കടുങ്ങല്ലൂർ സ്വദേശി സിന്ധു(36)വാണ് മരിച്ചത്. അതേസമയം ചികിത്സാപിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. വിദേശത്ത് നഴ്സായ യുവതിയും ഭർത്താവും രണ്ട് കുട്ടികളും അവധിക്ക് നാട്ടിലെത്തിയതാണ്.

ശസ്ത്രക്രിയയ്ക്കായി ഞായറാഴ്ച വൈകിട്ടാണ് സിന്ധുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരമണിയോടെ ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടുപോയി. ഒരു മണിക്കൂർ കഴിഞ്ഞിട്ടും മകളെ കുറിച്ച് വിവരമൊന്നുമറിയാത്തതിനാൽ അമ്മ തിയറ്ററിൽ കയറിയപ്പോഴാണ് ഗുരുതരാവസ്ഥയിലായ മകളെ കാണുന്നത്. പൂർണമായും അബോധാവസ്ഥയിലായ യുവതിയെ ഉടൻ തന്നെ ഐസിയു ആബുലൻസിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെയെത്തും മുൻപേ മരണം സംഭവിച്ചിരുന്നു. തിയറ്ററിലേക്ക് കൊണ്ടു പോകും മുൻപ് തനിക്ക് നൽകിയ മരുന്ന് മാറിയോയെന്ന് സംശയമുണ്ടെന്ന് നഴ്സ് കൂടിയായ സിന്ധു സംശയം പ്രകടിപ്പിച്ചതായും അച്ഛനടക്കമുള്ള ബന്ധുക്കൾ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനസ്തേഷ്യയുടെ ടെസ്റ്റ് ഡോസ് നൽകിയ ശേഷം യുവതിയുടെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.