
ആലപ്പുഴ: മൂന്ന് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാൻഡില്‍ കഴിയുന്ന സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെ കുളം വറ്റിച്ച് പൊലീസ് പരിശോധന നടത്തി.
വാരനാട് സ്വദേശിനിയായ റിട്ടയേർഡ് പഞ്ചായത്ത് ജീവനക്കാരി ഹയറുമ്മ (ഐഷ 62) യുടെ കൊലപാതക കേസില്‍ തെളിവെടുപ്പിന്റെ ഭാഗമായാണ് ചേർത്തല പൊലീസ് പരിശോധന നടത്തിയത്. ഡി വൈ എസ് പി പി ടി അനില്‍ കുമാർ, സർക്കിള്‍ ഇൻസ്‌പെക്ടർ ലൈസാദ് മുഹമ്മദ്, ആലപ്പുഴ ഫോറൻസിക് ഉദ്യോഗസ്ഥ ദീപ അനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍.
ബുധനാഴ്ച രാവിലെ 10 മണിയോടെ ആരംഭിച്ച പരിശോധന ഒന്നരവരെ നീണ്ടു. മണ്ണ് മാന്തി യന്ത്രത്തിന്റെയും മോട്ടോർ പമ്ബിന്റെയും സഹായത്തോടെ നടത്തിയ തിരച്ചിലില്‍ തെളിവുകളൊന്നും ലഭിച്ചില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സെബാസ്റ്റ്യന്റെ മൊഴി നിർണായകമായി
കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ, ഏറ്റുമാനൂർ സ്വദേശിനി ജയ്നമ്മ എന്നിവരുടെ കൊലപാതക കേസുകളില്‍ അറസ്റ്റിലായ സെബാസ്റ്റ്യൻ നിലവില്‍ വിയ്യൂർ സെൻട്രല്‍ ജയിലില്‍ റിമാൻഡിലാണ്. ഏറ്റുമാനൂർ സ്വദേശിനി ജയ്നമ്മയുടെ തിരോധാനം അന്വേഷിച്ച കോട്ടയം ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയതായി സെബാസ്റ്റ്യൻ മൊഴി നല്‍കിയത്.
തുടർന്ന് പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്നും കത്തിക്കരിഞ്ഞ നിലയില്‍ അസ്ഥിക്കഷണങ്ങള്‍ കണ്ടെത്തി. ബിന്ദുവിന്റെ ശരീര അവശിഷ്ടങ്ങള്‍ കത്തിച്ച ശേഷം തണ്ണീർ മുക്കം ബണ്ടിന് സമീപം വേമ്ബനാട്ട് കായലില്‍ തള്ളിയെന്നാണ് സെബാസ്റ്റ്യൻ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി.
വാരനാട് സ്വദേശിനി ഹയറുമ്മയുടെ തിരോധാന കേസ് ചേർത്തല ലോക്കല്‍ പൊലീസാണ് അന്വേഷിക്കുന്നത്. ഇവരെയും സെബാസ്റ്റ്യൻ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ ആരോപണം.
വർഷങ്ങള്‍ക്ക് മുമ്പ് കാണാതായ ബിന്ദു പത്മനാഭന്റെ കേസ് നേരത്തെ അന്വേഷണം വഴിമുട്ടിയ നിലയില്‍ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.



