
മുംബൈ: നവതി ആഘോഷത്തിന് കാത്തുനില്‍ക്കാതെ ധർമേന്ദ്ര മടങ്ങിയിരിക്കുന്നു.
അദ്ദേഹം യാത്രയാകുമ്പോള്‍ ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് എല്ലാ അര്‍ത്ഥത്തിലും അതൊരു യുഗാന്ത്യം തന്നെയാണ്. അമിതാഭ് ബച്ചന്‍ എന്ന വലിയ പേരിനും മുന്‍പ് ബോളിവുഡിലെ സൂപ്പര്‍താരമായിരുന്നു ധർമേന്ദ്ര.
ആക്ഷനും പ്രണയവുമെല്ലാം അഭ്രപാളിയില്‍ അനശ്വരമാക്കിയ ആ നടന്റെ ജീവിതവും സിനിമയെ വെല്ലുന്നതായിരുന്നു. 19-ാം വയസില്‍ കുടുംബസുഹൃത്തിന്റെ മകളെയാണ് ധർമേന്ദ്ര ജീവിതസഖിയാക്കിയത്. ഇതിന് ശേഷമാണ് താരം സിനിമയുടെ വെള്ളിവെളിച്ചത്തിലേയ്ക്ക് പോലും എത്തിയത്.
വിവാഹിതനായിരിക്കെ തന്നെ ഹേമമാലിനിയോട് തോന്നിയ പ്രണയവും അവരെ സ്വന്തമാക്കാനുള്ള ശ്രമങ്ങളുമെല്ലാം സിനിമ പോലെ തന്നെയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
19-ാം വയസില്‍ വിവാഹം കഴിച്ച ധർമേന്ദ്ര ഏറെ സന്തുഷ്ടകരമായ കുടുംബജീവിതമാണ് ഭാര്യയ്ക്കും നാലുമക്കള്‍ക്കുമൊപ്പം നയിച്ചുപോന്നത്. എന്നാല്‍ 34-ാം വയസില്‍ അദ്ദേഹം പോലും അറിയാതെ ഒരു പെണ്‍കുട്ടിയില്‍ ധർമേന്ദ്രയുടെ മനസുടക്കി.
22-കാരിയായ ഹേമമാലിനിയില്‍. ബോളിവുഡിലെ ഡ്രീം ഗേള് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന താരസുന്ദരി ഹേമമാലിനി ധര്മേന്ദ്രയ്ക്കൊപ്പം തും ഹസീന് മേം ജവാന് എന്ന സിനിമയിലാണ് ആദ്യം അഭിനയിക്കാനെത്തുന്നത്. ഒറ്റനോട്ടത്തില്‍ തന്നെ ദർമേന്ദ്രയ്ക്ക് അവരോട് അടങ്ങാത്ത ആകർഷണം തോന്നി.
പിന്നീട് 28 ഓളം സിനിമകളില് ഇവര് ഒരുമിച്ച് അഭിനയിച്ചു. ഷോലെ എന്ന എവര്ടൈം ഹിറ്റ് ചിത്രത്തിലും ഇവർ ഒന്നിച്ചു. ഹേമമാലിനിയോട് പ്രണയം തുറന്നുപറഞ്ഞെങ്കിലും അവർ അതിന് വിലകൊടുത്തില്ല. വിവാഹിതനും നാലുമക്കളുടെ പിതാവുമാണ് അയാള്‍ എന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നു. എങ്കിലും ധർമന്ദ്ര ആ പ്രണയം തുടർന്നു.
ഷോലെയുടെ സെറ്റില് വച്ചായിരുന്നു പ്രണയം അതിന്റെ ഉച്ചസ്ഥായിലെത്തിയത്. ഒരുമിച്ച് അഭിനയിക്കുന്ന സീനുകളിലെ പെര്ഫോമന്സ് ശരിയായില്ലെന്ന് പറയാന് യൂണിറ്റ് അംഗങ്ങള്ക്ക് ധര്മേന്ദ്ര പണം കൊടുത്തിരുന്നു.
അങ്ങനെ നിരവധി റീടേക്കുകള് എടുത്തുകൊണ്ട് ഹേമയ്ക്കൊപ്പം പരമാവധി അടുത്തിടപഴകാന് അദ്ദേഹം ശ്രമിച്ചു. ഒരു ടേക്കിന് 100 രൂപ വീതം കൈപറ്റിയിരുന്ന ചിലര്ക്ക് ഈ വകയില് ദിവസം 2000 രൂപ വരെ നല്കിയിരുന്നതായും ധര്മേന്ദ്ര പിന്നീട് തമാശയായി പൊതുവേദികളില് പറഞ്ഞു.
പിന്നീട് ഹേമ ഈ പ്രണയത്തിന് സമ്മതം നല്‍കിയെങ്കിലും അവരുടെ മാതാപിതാക്കള്‍ ഇതിനെ എതിർത്തു. ഒരിക്കലും ഈ വിവാഹം നടത്തില്ലെന്ന് തറപ്പിച്ചുപറഞ്ഞു. പകരം ജിതേന്ദ്ര എന്ന നടനുമായി ഹേമയുടെ വിവാഹം ഉറപ്പിച്ചു.
എന്നാല്‍ ഇതറിഞ്ഞ് ഹേമയുടെ വീട്ടിലെത്തിയ ധർമേന്ദ്ര ആരോടാണ് സ്നേഹം എന്ന് ഹീറോ സ്റ്റൈലില്‍ ചോദിച്ചു. ധർമേന്ദ്രയോടാണ് താല്‍പര്യമെന്ന് ഹേമ പറഞ്ഞതോടെ ജിതേന്ദ്രയുടെ വീട്ടുകാർ ഈ വിവാഹത്തില്‍ നിന്നും പിൻമാറി.
വീട്ടുകാരുടെ എതിർപ്പുകള്‍ അവഗണിച്ച് ആദ്യബന്ധം വേര്പെടുത്താതെ തന്നെ ഹേമയെ വിവാഹം കഴിച്ചു. അഹാന ഡിയോള്, ഇഷാ ഡിയോള് എന്നിങ്ങനെ രണ്ട് പെണ്കുട്ടികളും ഈ ദാമ്ബത്യത്തില് ജനിച്ചു.
ധര്മേന്ദ്രയെ വിവാഹം കഴിച്ചെങ്കിലൂം അദ്ദേഹത്തെ ആദ്യഭാര്യയില് നിന്നും കുട്ടികളില് നിന്നും അദ്ദേഹത്തെ അകറ്റാന് ഹേമ ശ്രമിച്ചില്ലെന്ന് മാത്രമല്ല അവരെ കൂടുതല് അടുപ്പിച്ച് നിര്ത്താനാണ് ശ്രമിച്ചത്.
ആദ്യഭാര്യയിലെ മക്കളെയും അവര് നന്നായി കെയര് ചെയ്തു. അഹാനയുടെയും ഇഷാ ഡിയോളിന്റെയും വിവാഹച്ചടങ്ങുകളില് ഇരുകുടുംബങ്ങളും സഹകരിക്കുകയും ചെയ്തു.
എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ ഇതുവരെ പുറം ലോകം അറിയാത്ത എന്തോ കാരണത്തിന്റെ പേരില്‍ പിരിഞ്ഞാണ് താമസിക്കുന്നത്.
ധര്മേന്ദ്ര ലോണാവാലയിലുളള തന്റെ ഫാം ഹൗസില് തനിച്ച് കഴിഞ്ഞപ്പോള് ഹേമ മുംബൈ ജുഹുവിലെ വീട്ടില് മക്കള്ക്കൊപ്പം ജീവിച്ചു. പരസ്പരം അവർ കുറ്റപ്പെടുത്തിയില്ല. ബഹുമാനത്തോടെ മാത്രം സംസാരിച്ചു. യഥാർഥ പ്രണയമായിരുന്നു അവർ.



