
കോട്ടയം : മലയാളികളുടെ ഇഷ്ട മത്സ്യം ചെമ്മീൻ കിട്ടാക്കനി. മത്സ്യത്തൊഴിലാളികൾക്ക് ഏറെ വരുമാനം ഉണ്ടാക്കിയിരുന്ന ചെമ്മീന്റെ ലഭ്യത കുറഞ്ഞതോടെ വിലയും കുതിച്ചുയർന്നു. കാലം തെറ്റി പെയ്യുന്ന മഴയുടെ അളവ് കൂടിയതോടെ പുഴയിലും കായലിലും ചെമ്മീൻ വളരുന്ന സാഹചര്യം ഇല്ലാതാക്കി. താരതമ്യേന വിലക്കുറവുള്ള നാരൻ ചെമ്മീൻ പുഴകളിൽ കാണാതായി.
തെള്ളി, ചൂടൻ ഇനങ്ങൾക്ക് വില കൂടി. കിലോയ്ക്ക് 300- 400 രൂപ. വലിപ്പം കൂടിയതിന് 500-600 വരെയായി. തീൻ മേശയിലെ രുചി കൂട്ടായ കായൽ , ആറ്റുകൊഞ്ച് ലഭ്യത വൻതോതിൽ കുറഞ്ഞതോടെ വില ആയിരത്തിനു മുകളിലായി.
തണ്ണീർമുക്കം ബണ്ട് തുറന്നു കിടക്കുന്നതിനാൽ വേമ്പനാട്ടുകായലിൽ ഉപ്പുവെള്ള സാന്നിദ്ധ്യമുണ്ട്, ഇത് ചെമ്മീൻ വളർച്ചയ്ക്ക് സഹായകമാണെങ്കിലും പാടങ്ങളിൽ നിന്നും തോടുകളിൽ നിന്നും ഒഴുകി എത്തുന്ന പോളയും പായലും മറ്റു ചണ്ടികളും ഉപ്പു വെള്ളത്തിൽ ചീഞ്ഞടിയുന്നത് ചെമ്മീനിന്റെ വളർച്ചയെ ബാധിച്ചതായി തൊഴിലാളികൾ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തോടുകളും ചെറിയ നീർച്ചാലുകളും പായലും പോളയും നിറഞ്ഞ് ഇവയുടെ വേരുകൾ ജലാശയങ്ങളുടെ അടിയിലേക്ക് വളർന്നിറങ്ങിയതോടെ മീനുകൾക്ക് സഞ്ചരിക്കാൻ കഴിയാതായി. കൂടാതെ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും മത്സ്യസമ്പത്ത് നശിക്കാനിടയാക്കി.
സാധാരണ തുലാമഴ ചെമ്മീൻ വളർച്ചയ്ക്ക് സഹായകമായിരുന്നു. ഇത് പതിവിലും കൂടുതലായി. ചെറിയ ഒഴുക്കുണ്ടായതോടെ പോളയും പായലും ഒഴുകിയെത്തി. ഓക്സിജന്റെ അളവ് പുഴയിലും കായലിലും കുറഞ്ഞു. കാരി, വരാൽ, ചെമ്പല്ലി, വാള, കൂരി ,പള്ളത്തി , പുല്ലൻ, മഞ്ഞക്കൂരി, ആറ്റു ചെമ്പല്ലി തുടങ്ങിയ ചെറു മത്സ്യ ഇനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമായി



