വർക്കലയിൽ മോട്ടർ വാഹന നിയമലംഘനം നടത്തി വിലസിയ യൂത്തന്മാരെ വലയിലാക്കി വേഷം മാറി വന്ന എംവിഡി

Spread the love

വർക്കല: ബൈക്കുകളുമായി അമിത വേഗതയിൽ സൈലൻസർ മാറ്റി വലിയതോതിൽ ശബ്ദമുണ്ടാക്കിയും നമ്പർ പ്ലേറ്റ് ഇല്ലാതെയും വിലസിയ ‘യൂത്തന്മാർ ” വേഷപ്രഛന്നരായ മോട്ടർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ വലയിൽ കുടുങ്ങി.

video
play-sharp-fill

വർക്കല താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നടന്ന പരിശോധനയിൽ 103 ൽ അധികം കേസുകളിൽ രണ്ടു ലക്ഷത്തോളം രൂപയാണ് പിഴ ഈടാക്കിയത്. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ, ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കൽ, ഫിറ്റ്നസ്, നമ്പർ പ്ലേറ്റ് ഇല്ലാത്തത്, എയർ ഹോൺ, കാൽനടയാത്രക്കാരുടെ ക്രോസിങ്ങുകളിൽ വേഗത കുറയ്ക്കാത്ത 10 വാഹനങ്ങൾ എന്നിവയ്ക്കാണ് പിഴ ഈടാക്കിയത്.

വെട്ടൂർ റോഡ്, വർക്കല ഗവ.മോഡൽ സ്കൂൾ ജംക്‌ഷൻ, ശിവഗിരി സ്കൂൾ, കോളജ് പരിസരം, ചാവർകോട്, പാളയംകുന്ന്, അയിരൂർ, വില്ലിക്കടവ്, ഇടവ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടും ഷർ‌ട്ടും വേഷത്തിൽ എത്തിയ ഉദ്യോഗസ്ഥരെ വെട്ടിച്ചു കടന്നുപോയവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കോളജ് ക്യാംപസ് കേന്ദ്രീകരിച്ചു നിയമ ലംഘനങ്ങൾ ഏറിയെന്നാണ് ഇവർ നൽകുന്ന വിവരം.

നിരീക്ഷണ ക്യാമറയിൽ പതിയാതിരിക്കാൻ നമ്പർ പ്ലേറ്റ് ഷാൾ ഉപയോഗിച്ചു മറയ്ക്കൽ, പെൺകുട്ടികൾ അടക്കം നാലു പേരുടെ ഇരുചക്രവാഹന സഞ്ചാരം അടക്കം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പരിശോധന തുടരുമെന്നും നിയമലംഘനങ്ങൾക്കു പിഴയുട‌െ രൂപത്തിൽ കനത്ത വില നൽകേണ്ടിവരുമെന്നാണ് വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന മുന്നറിയിപ്പ്.

തിരുവനന്തപുരം എൻഫോഴ്സ്മെന്റ ആർടിഒ യുടെ നിർദേശപ്രകാരം വർക്കല ജോയിന്റ് ആർടിഒ ഷീബ രാജന്റെ നേതൃത്വത്തിൽ വർക്കല മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ പി.സാബു, തിരുവനന്തപുരം ആർടിഒ എൻ ഫോഴ്സ്മെന്റ് ഇൻസ്പെക്ടർ എസ്.ദിനൂപ്, എഎംവിഐമാരായ വി.ശ്രീജിത്ത്, പി.സാം എന്നിവർ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.