
തിരുവനന്തപുരം: തീവ്രവോട്ടർപട്ടിക പരിഷ്‌ക്കരണത്തിൽ കരട് പട്ടിക പുറത്തുവരുമ്പോൾ 2025ലെ വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്ന 1,29,836 പേർ പുറത്താകും. 2.78 കോടി വോട്ടർമാർ ഉൾപ്പെട്ട 2025ലെ വോട്ടർ പട്ടികയിൽ ഇന്നലെ രാവിലെ 10 മണിവരെ 26 ലക്ഷം ഫോമുകളുടെ ഡിജിറ്റലൈസേഷൻ പൂർത്തിയായപ്പോൾ 1,19,315 പേരെ തിരിച്ചറിയാൻ കഴിയാത്ത വിഭാഗത്തിൽ (അൺ ട്രേസബിൾ ഫോം) ആണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതിൽ മരിച്ചവർ 66740 പേരാണ്. 8087 പേരെ കണ്ടെത്താൻ കഴിയാത്തവരുടെയും 37835 സ്ഥിരമായി താമസം മാറിയവരുടെയും 6032 ഇരട്ടിപ്പുള്ളവരുടേയും 621 പേരും മറ്റ് കാരണങ്ങൾ കൊണ്ട് ഒഴിവാക്കേണ്ടവരുടെയും പട്ടികയിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ആകെയുള്ള വോട്ടർമാരിൽ പത്ത് ശതമാനം മാത്രം ഡിജിറ്റലൈസ് ചെയ്തപ്പോഴാണ് 0.43 ശതമാനം പേർ പുറത്താകുന്നത്. ബാക്കിയുള്ള 90 ശതമാനം ഫോമുകൾ ഡിജിറ്റലൈസ് ചെയ്യുന്നതോടെ ഈ പട്ടികയിൽ ഉൾപ്പെടുന്നവരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. ഇവരുടെ പട്ടിക ബൂത്ത് ലെവൽ ഓഫിസർമാർ ബൂത്ത് ലെവൽ ഏജന്റുമാരുടെ യോഗം വിളിച്ച് ആ മിനിട്‌സ് തെരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് അയക്കുന്നതോടെ കരട് പട്ടികയിൽ ഇവരുടെ പേരുണ്ടാകില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇങ്ങനെ ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലുള്ളവർക്ക് വോട്ടർ പട്ടികയിൽ ഉൾപ്പെടണമെങ്കിൽ ഇ.ആർ.ഓമാരെ സമീപിച്ച് പിന്നീട് രേഖകൾ ഹാജരാക്കേണ്ടിവരും. ഇന്നലെ വൈകുന്നേരം ആറുമണിയായപ്പോൾ ഈ പട്ടികയിൽ ഇടംപിടിച്ച വോട്ടർമാരുടെ എണ്ണം 1,29,836 ആയി ഉയർന്നിട്ടുണ്ട്. ഇത് പുനഃപരിശോധനയ്ക്ക് വിധേയമാകുന്ന മൊത്തം വോട്ടർമാരുടെ 0.47 ശതമാനം വരും. 31,42,578 ഫോമുകൾ ഡിജിറ്റലൈസ് ചെയ്തപ്പോഴാണ് പട്ടികയിലുള്ളവരുടെ എണ്ണം ഉയർന്നത്. വോട്ടർമാർ ഓൺലൈനായി 48,851 ഫോമുകൾ സമർപ്പിച്ചിട്ടുണ്ട്.




