
ദെഹ്റാദൂൺ: ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽ സ്കൂളിന് സമീപത്തുനിന്ന് അതിതീവ്ര സ്ഫോടന ശേഷിയുള്ള ജെലാറ്റിൻ സ്റ്റിക്കുകളുടെ വൻ ശേഖരം കണ്ടെത്തി. പ്രിൻസിപ്പൽ സുഭാഷ് സിങ്ങാണ് കുറ്റിക്കാട്ടിൽ സംശയാസ്പദമായ പാക്കറ്റുകൾ ആദ്യം കണ്ടത്. തുടർന്ന് അദ്ദേഹം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
സൾട്ട് മേഖലയിലെ ഒരു കുറ്റിക്കാട്ടിൽ നിന്ന് 20 കിലോയിലധികം ഭാരമുള്ള 161 ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയെന്നും സമീപപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെന്നും പോലീസ് അറിയിച്ചു. ഇതോടെ അൽമോറ ജില്ലയിൽ പോലീസ് ജാഗ്രത ശക്തമാക്കി.
ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ഹരിയാണയിൽ നിന്ന് ഏകദേശം 3,000 കിലോ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ദബാര ഗ്രാമത്തിലെ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഇവ കണ്ടെത്തിയത്. രണ്ട് പോലീസ് സംഘങ്ങൾ ഉടൻതന്നെ സ്കൂളിലെത്തി പ്രദേശം വളഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിർമ്മാണ, ഖനന ആവശ്യങ്ങൾക്കായി പാറകൾ പൊട്ടിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന സ്ഫോടക വസ്തുവാണ് ജെലാറ്റിൻ സ്റ്റിക്കുകൾ. എന്ത് കാരണത്താലാണ് സ്ഫോടകവസ്തുക്കൾ ഗ്രാമത്തിൽ എത്തിച്ചതെന്ന് അന്വേഷിച്ചുവരികയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഉദംസിങ് നഗർ, നൈനിറ്റാൾ ജില്ലകളിൽ നിന്ന് ബോംബ് നിർവീര്യമാക്കൽ സ്ക്വാഡിനെയും ഡോഗ് സ്ക്വാഡിനെയും സ്ഥലത്തെത്തിച്ചു. ഡോഗ് സ്ക്വാഡ് നടത്തിയ വിശദമായ പരിശോധനയിൽ കുറ്റിക്കാട്ടിൽ നിന്ന് ജെലാറ്റിൻ സ്റ്റിക്കുകളുടെ ഏതാനും പാക്കറ്റുകൾ കണ്ടെത്തി. ഏകദേശം 20 അടി അകലെ നിന്ന് കൂടുതൽ പാക്കറ്റുകളും കണ്ടെത്തി. ബോംബ് സ്ക്വാഡ് പാക്കറ്റുകൾ ശേഖരിച്ച് സീൽ ചെയ്ത് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.
1908-ലെ സ്ഫോടകവസ്തു നിയമത്തിലെ സെക്ഷൻ 4(എ), ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) സെക്ഷൻ 288 എന്നിവ പ്രകാരം പോലീസ് കേസെടുത്തു. കൂടുതൽ അന്വേഷണത്തിനായി നാല് ടീമുകൾ രൂപവത്കരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.




