കൊച്ചിയിൽ അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന; സ്ഥാപനത്തിനെതിരേ നടപടി സ്വീകരിച്ച് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ്

Spread the love

കൊച്ചി: അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരേ നടപടി സ്വീകരിച്ച് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ്. കേരളത്തില്‍ ഇതാദ്യമായാണ് അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരേ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്‌സ് ആക്ട്-1940 പ്രകാരം നിയമ നടപടി സ്വീകരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

video
play-sharp-fill

നോര്‍ത്ത് പറവൂര്‍ പൂശാരിപ്പടിയിലുള്ള ജെജെ മെഡിക്കല്‍സ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി സ്വീകരിച്ചത്. പരിശോധനാവേളയില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഷെഡ്യൂള്‍ എച്ചില്‍ പെടുന്ന മരുന്നുകള്‍ പര്‍ച്ചേസ് ബില്‍ ഇല്ലാതെ വാങ്ങുകയും ഓണ്‍ലൈനായി വില്‍പ്പന നടത്തിയതായും കണ്ടെത്തി.

കണ്ടെടുത്ത മരുന്നുകളും അനുബന്ധ രേഖകളും നോര്‍ത്ത് പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. വകുപ്പിലെ ഉദ്യോഗസ്ഥന്‍ സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ കയറി ഓണ്‍ലൈനായി ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒരു തടസ്സവുമില്ലാതെ അയച്ചുനല്‍കുകയായിരുന്നു. അതേസമയം അതിലെ സ്ഥാപനത്തിലെ വിലാസം വ്യാജമായിരുന്നു. ഇതോടെ വില്‍പ്പന നടത്തിയ സ്ഥാപനം കണ്ടെത്താന്‍ ബുദ്ധിമുട്ടായി. പിന്നീട് വിദഗ്ധമായി അന്വേഷണം നടത്തി സ്ഥാപനം കണ്ടെത്തി റെയ്ഡ് നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളറുടെ ഏകോപനത്തില്‍ എറണാകുളം അസി. ഡ്രഗ്സ് കണ്‍ട്രോളര്‍ സന്തോഷ് കെ. മാത്യു, റീജണല്‍ ഡ്രഗ്സ് ഇന്‍സ്‌പെക്ടര്‍ ജോഷി ടി.ഐ., ഡ്രഗ്സ് ഇന്‍സ്‌പെക്ടര്‍ (ഇന്റലിജന്‍സ് ബ്രാഞ്ച്) നവീന്‍ കെ.ആര്‍., ഡ്രഗ്സ് ഇന്‍സ്‌പെക്ടര്‍മാരായ നിഷ വിന്‍സെന്റ്, ധന്യ വി.എസ്., അഞ്ജിത ഷാജി എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. പൊതുജനത്തിന്റെ ആരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിലുള്ള ഷെഡ്യൂള്‍ എച്ചില്‍ പെടുന്ന മരുന്നുകള്‍ കുറിപ്പടി ഇല്ലാതെ വില്‍പ്പന നടത്തുന്നത് കുറ്റകരമാണ്.